ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പില്‍ 62 ശതമാനം വോട്ട് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ്, ഹരിയാന, ബിഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി,ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലായി 59 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. രാത്രി എട്ട് മണിവരെയുള്ള കണക്ക് പ്രകാരം 62 ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലും ഹരിയാനയില്‍ പത്ത് സീറ്റുകളിലും ബിഹാറിലും മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും എട്ട് സീറ്റുകളിലും ഡല്‍ഹിയില്‍ ഏഴിലും ജാര്‍ഖണ്ഡില്‍ നാല് സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
രാത്രി എട്ടു വരെയുളള കണക്ക് പ്രകാരം ഏറ്റവും ശക്തമായ പോളിങ് രേഖപ്പെടുത്തിയത് പശ്ചിമ ബംഗാളിലാണ്. ബംഗാളില്‍ നിരവധി അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 80 ശതമാനം വോട്ടുകളാണ് ബംഗാളില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശിലാണ്, 54 ശതമാനം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും തണുത്ത പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നുമുണ്ടായത്.
ബിഹാറില്‍ 59 ശതമാനം, ഹരിയാനയില്‍ 65 ശതമാനം, മധ്യപ്രദേശില്‍ 63 ശതമാനം, ജാര്‍ഖണ്ഡില്‍ 64 ശതമാനം, ഡല്‍ഹി 58 ശതമാനം എന്നിങ്ങനെയാണ് പോളിങ്.
ബംഗാളില്‍ ഒരു ബിജെപി നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണം തൃണമൂല്‍ നിഷേധിച്ചു. വിവിധയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.