കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിലും കള്ളവോട്ട് നടന്നെന്ന ആരോപണം തെറ്റാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സിപിഎമ്മിന്റെ വിജയത്തിളക്കം കുറച്ച് കാണിക്കാനുളള ശ്രമമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

‘വോട്ടര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യാന്‍ പറ്റാത്തതിനാലാണ് സുമയ്യ വോട്ട് ചെയ്തത്. സുമയ്യ പോളിങ് ഏജന്റ് കൂടിയാണ്. അതിന്റെ പാസ് ഇപ്പോഴും കൈയിലുണ്ട്. അവര്‍ക്ക് കൂടെക്കൂടെ ബൂത്തിലേക്ക് വരേണ്ടി വരും. ഇതാണ് കളളവോട്ട് ചെയ്യാന്‍ വന്നതാണെന്ന പ്രചരണം നടത്തിയത്. ഇത് പോലെ പലരേയും തെറ്റായി കളളവോട്ട് ചെയ്യാന്‍ എത്തിയവരാണെന്ന് വരുത്തി തീര്‍ത്തു,’ ജയരാജന്‍ പറഞ്ഞു.

‘കളളവോട്ട് ചെയ്തെന്ന് ഒരു ഉദ്യോഗസ്ഥനും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂരിലെ വെറും രണ്ട് ബൂത്തുകളില്‍ ഓപ്പണ്‍ വോട്ട് കൂടുതലാണെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. അല്ലാതെ കളളവോട്ട് ഉണ്ടെന്ന ആരോപണം അല്ല. അത് പരിശോധിക്കണം. ഓപ്പണ്‍ വോട്ടുകള്‍ അനുവദിച്ചത് കൊണ്ടാണ് ചെയ്തത്. പരസഹായം ഇല്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരെ സഹായിച്ചതിനാണ് ഇത്തരമൊരു കൊലച്ചതി ചെയ്തത്. ഇടതുപക്ഷത്തിന്റെ വിജയത്തിളക്കം കുറച്ച് കാണിക്കാനാണ് ഇവര്‍ ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് കളളം പ്രചരിപ്പിക്കുന്നത്,’ ജയരാജന്‍ പറഞ്ഞു.

‘ഞങ്ങളുടെ മടിയില്‍ കനമില്ലാത്തത് കൊണ്ട് തന്നെ ഒരു അന്വേഷണത്തേയും ഭയമില്ല. ദൃശ്യങ്ങള്‍ വ്യാജമല്ല. സുമയ്യ തന്റെ വോട്ടും ചെയ്തു, ഓപ്പണ്‍ വോട്ടും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് കളളവോട്ട് ആണെന്ന പ്രചരണം ആണ് നടത്തിയത്. സുമയ്യയും സലീനയും അവരുടെ ഇരുകൈയും ഉയര്‍ത്തി അടയാളം മാധ്യമങ്ങളെ കാണിച്ചിട്ടുണ്ട്,’ ജയരാജന്‍ പറഞ്ഞു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.