തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ താരപ്രചാരണം കൊഴുക്കുന്നു. കൂടുതൽ ദേശീയ നേതാക്കളെ പ്രചാരണത്തിന് എത്തിക്കാൻ മത്സരിക്കുകയാണ് പാർട്ടികൾ. കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾ പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ ദേശീയ കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും സിദ്ദുവും കേരളത്തിലെത്തുന്നു.

കോൺഗ്രസിന്റെ ദേശീയ മുഖങ്ങളായ ഗുലാം നബി ആസാദും നവജ്യോത് സിങ് സിദ്ദുവും എത്തുന്നതോടെ പ്രചാരണം കൂടുതൽ കൊഴുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് – യുഡിഎഫ് നേതൃത്വം. കഴിഞ്ഞ ദിവസം സിനിമാ താരവും കോൺഗ്രസ് നേതാവുമായ ഖുഷ്ബുവും പ്രചാരണത്തിനായി കേരളത്തിലെത്തിയിരുന്നു.

Also Read: രണ്ടാം ഘട്ടം പോളിങ് ഇന്ന്; വിധിയെഴുതുന്നത് 95 മണ്ഡലങ്ങൾ

വയനാട്ടിലാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത് എന്നതിനാൽ തന്നെ മലബാർ മണ്ഡലങ്ങളിലാണ് ദേശീയ നേതാക്കളും കൂടുതൽ ശ്രദ്ധ നൽകുന്നത്. രണ്ട് ദിവസത്തെ പരിപാടികളാണ് ഗുലാം നബി ആസാദിന് കേരളത്തിലുള്ളത്. രണ്ട് ദിവസങ്ങളിലായി കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി സംസാരിക്കും. കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളിലാണ് സിദ്ധുവിന്‍റെ പര്യടനം.

Also Read: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. വൈകിട്ടോടെ കേരളത്തിലെത്തുന്ന നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്‍റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികള്‍ യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.