ന്യൂഡല്‍ഹി: രാജസ്ഥാനിലെ റാലിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടും ദാരിദ്ര്യ നിര്‍മ്മാജനവും, മേ ഭീ ചൗക്കിദാര്‍ പ്രചാരണവുമെല്ലാം രാഹുല്‍ വിഷയമാക്കി. ബിജെപി ദരിദ്രരെ ഉന്മൂലനം ചെയ്യാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘അവര്‍ ദരിദ്രരെ ഉന്മൂലനം ചെയ്യാനാണ് ശ്രമിച്ചത്. എന്നാല്‍ നമ്മള്‍ ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നത് ഉറപ്പാക്കും. മിനിമം വരുമാനത്തിന് താഴെയുളള പാവങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കും. എവിടെ നിന്നാണ് പണം ലഭിക്കുക എന്നാണ് ബിജെപി സര്‍ക്കാര്‍ ചോദിക്കുന്നത്. മോദി സമ്പന്നര്‍ക്കാണ് പണം നല്‍കിയത്. കോടിക്കണക്കിന് രൂപ ഞാന്‍ സമ്പന്നര്‍ക്ക് നല്‍കില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ഷക വായ്പകള്‍ എഴുതി തളളിയത് പോലെ പാവങ്ങള്‍ക്ക് പണം നല്‍കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Read: പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ മിനിമം വരുമാനം; വാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

സൂറത്ത്ഗഢ് നഗരത്തിലായിരുന്നു രാഹുലിന്റെ റാലി. ഇതിന് ശേഷം ബുണ്ടി ജില്ലയിലും രാഹുല്‍ റാലി നടത്തും. ഏപ്രില്‍ 29നും മെയ് 6നും ആണ് രാജസ്ഥാനില്‍ വോട്ടെടുപ്പ് നടക്കുക. മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം. കാര്‍ഷിക-ഗ്രാമീണ മേഖലകളില്‍ ഈ പ്രഖ്യാപനം വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Read: എന്താണ് രാഹുൽ ഗാന്ധിയുടെ മിനിമം വരുമാനം പദ്ധതി?

ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപയാണ് ലഭിക്കുക. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപയെത്തിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ യോജനയുടെയും മാറ്റ് കുറക്കുന്നു രാഹുലിന്റെ ന്യായ്. വര്‍ഷത്തില്‍ ആറായിരത്തിന്റെ സ്ഥാനത്ത് രാഹുല്‍ മുന്നോട്ടുവയ്ക്കുന്നത് മാസം 12000 ഉറപ്പുനല്‍കുമെന്നാണ്. നോട്ടുനിരോധനത്തിന്റെ കെടുതികള്‍ കണ്ട കര്‍ഷക ഗ്രാമങ്ങളിലും ദരിദ്ര മേഖലകളിലും വലിയ ഓളമുണ്ടാക്കാന്‍ പോന്നതാണ് നീതി എന്നര്‍ഥം വരുന്ന ന്യായ് പദ്ധതി.

ഒന്നാം യുപിഎ കാലത്തെ തൊഴിലുറപ്പ് പദ്ധതി പോലെയാണ് ന്യായ് പദ്ധതി. അതിനിടെ, പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനകം സാമ്പത്തിക രംഗത്ത് തുടങ്ങിയിട്ടുണ്ട്. നിലവിലെ ക്ഷേമ പദ്ധതികളും സബ്സിഡികളും പിന്‍വലിച്ചാല്‍ മാത്രമേ മിനിമം വേതനം പദ്ധതി നടപ്പിലാക്കാനാവശ്യമായ പണം കണ്ടെത്താനാകൂവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ