ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. എസ്പി സ്ഥാനാർഥി ശാലിന് യാദവിനെ മാറ്റിയാണ് പാർട്ടി പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ബിഎസ്എഫിൽനിന്നു പുറത്താക്കപ്പെട്ട തേജ് ബഹാദൂർ യാദവാണ് എസ്പിയുടെ പുതിയ സ്ഥാനാർഥി. ‘ഞാനാണ് യഥാര്‍ത്ഥ കാവല്ക്കാരന്’ എന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ബഹാദൂര്‍ പ്രതികരിച്ചത്.
‘ഞാനാണ് യഥാര്‍ഥ കാവല്ക്കാരന്. 21 വര്‍ഷത്തോളം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുകയും അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്ത ഞാനാണ് കാവല്ക്കാരന്. ചൗക്കിദാര്‍ എന്ന വാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചേരില്ല,’ ബഹാദൂര്‍ പറഞ്ഞു.
ബിഎസ്എഫ് കോണ്സ്റ്റബിളായിരിക്കവെയാണ് ജവാൻമാർക്ക് മോശം ഭക്ഷണം നൽകുന്നതിനെതിരെ തേജ് ബഹാദൂർ രംഗത്തെത്തിയത്. ഇതേത്തുടർന്ന് അച്ചടക്ക ലംഘനത്തിന്റെ പേരിൽ തേജ് ബഹാദൂറിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. 2017ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.സംഭവം വലിയ വിവാദമായി. കേന്ദ്ര അഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വിവാദത്തിൽ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു.
എന്നാൽ തേജ് ബഹാദൂർ സ്ഥിരം ‘പ്രശ്നക്കാരനാ’ണെന്നായിരുന്നു ബിഎസ്എഫിലെ ഉന്നതരുടെ നിലപാട്. സംഭവം അന്വേഷിച്ച ആഭ്യന്തര മന്ത്രാലയം തേജ് ബഹാദൂറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കണ്ടെത്തി.
പട്ടാളക്കോടതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തേജ് ബഹാദൂർ യാദവിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ക്യാമ്പിലെ ദുരവസ്ഥ പുറത്തെത്തിച്ചതിന്റെ പേരിലുള്ള പ്രതികാര നടപടിയായാണ് തന്നെ പുറത്താക്കിയതെന്ന് തേജ് ബഹാദൂർ തുറന്നടിച്ചു. വീഡിയോ അടക്കമുള്ള തെളിവുകൾ ഇപ്പോഴും തന്റെ കയ്യിലുണ്ടെന്നും ഇതൊന്നും ആരും പരിശോധിച്ചില്ലെന്നും തേജ് ബഹാദൂർ ആരോപിച്ചു.
വാരാണസിയിൽ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശാലിനി യാദവിനെ മാറ്റി തേജ് ബഹാദൂറിനെ എസ്പി വാരാണസിയിൽ ഇറക്കിയത്. ഏപ്രിൽ 22നാണ് ശാലിനിയെ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാഥിയായി പ്രഖ്യാപിച്ചത്.
ദേശീയതയിലൂന്നി പ്രചാരണം കൊഴുപ്പിക്കുന്ന ബിജെപിയ്ക്കും പ്രധാനമന്ത്രിയ്ക്കുമെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാസഖ്യം പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയിരിക്കുന്നത്.