കൊച്ചി: കേരളത്തിന്റെ ശരിക്കും തലസ്ഥാനം എറണാകുളം ആണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ‘തലസ്ഥാനം തിരുവനന്തപുരം ആണെങ്കിലും ശരിക്കുളള തലസ്ഥാനം എറണാകുളമാണ്. അവിടെ വളരെ ബുദ്ധിയും കഴിവും ഉളള ധാരാളം ആളുകളുണ്ട്. നല്ല വോട്ടര്‍മാരാണ്. അതുകൊണ്ട് ജയിക്കുമെന്ന് പ്രതീക്ഷയുണ്ട്,’ കണ്ണന്താനം പറഞ്ഞു. എന്നാല്‍ കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു.
തിരുവനന്തപുരംകാരെ അപമാനിക്കുന്ന പരാമര്‍ശമാണ് കണ്ണന്താനം നടത്തിയതെന്ന് സോഷ്യൽ മീഡിയയില്‍ പരാതി ഉയര്‍ന്നു. കണ്ണന്താനത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എംപിയും രംഗത്തെത്തി.
എറണാകുളം തന്റെ രണ്ടാമത്തെ വീടാണെന്നും ജയിക്കുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. താന്‍ ആദ്യം മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നെന്നും പിന്നീട് മത്സരിക്കാന്‍ നിർദേശിച്ചപ്പോള്‍ പത്തനംതിട്ടയായിരിക്കും നല്ലതെന്ന് പറഞ്ഞതായും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.
കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മികച്ച സ്ഥാനാർഥിയായിരിക്കുമെന്നും കണ്ണന്താനം പറഞ്ഞു. തര്‍ക്കം നില്‍ക്കുന്ന പത്തനംതിട്ടയില്‍ ഇതുവരെയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ മത്സരിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ആദ്യഘട്ട പട്ടികയില്‍ പത്തനംതിട്ട ഉള്‍പ്പെട്ടിട്ടില്ല. തീരുമാനിച്ച ശേഷം അറിയിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.