ന്യൂഡല്‍ഹി: മെയ് 23ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ദീദി, മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ എല്ലായിടത്തും താമര വിരിയും. അപ്പോള്‍ നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിടും. ഇന്ന് പോലും നിങ്ങളുടെ 40 എംഎല്‍എമാര്‍ ഞാനുമായി ബന്ധപ്പെടുന്നുണ്ട്,’ മോദി പറഞ്ഞു.
തോല്‍വി മണത്ത മമതാ ബാനര്‍ജിക്ക് നിയന്ത്രണം വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ആകാമെന്ന സ്വപ്നം പോലും മമതയ്ക്ക് കാണാനാവില്ലെന്നും മോദി പറഞ്ഞു.
‘കൈയില്‍ കുറച്ച് സീറ്റുമായി നിങ്ങള്‍ക്ക് ഡല്‍ഹിയില്‍ എത്താനാവില്ല. ഡല്‍ഹി വളരെ ദൂരെയാണ്. ഡല്‍ഹിയില്‍ പോകുന്നത് വെറുതെയാണ്. അനന്തരവനെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തുക എന്നതാണ് മമതയുടെ ലക്ഷ്യം,’ മോദി ആരോപിച്ചു.
മമതയുടെ അനന്തരവനും ഡയമണ്ട് ഹാര്‍ബറിലെ നിലവിലത്തെ എംപിയും ആയ അഭിഷേകിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം. മമതാ ബാനര്‍ജി മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മോദിയുടെ കുറ്റപ്പെടുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുടെയും മറ്റും ചെലവിന്റെ കണക്കുകളെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് പശ്ചിമബംഗാൾ മമതാ ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. മിട്നാപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്.
ഭാര്യയെ ബഹുമാനിക്കുന്നത് നാണക്കേടാണെന്ന് കരുതുന്ന മോദിയെങ്ങനെ ജനങ്ങളെ ബഹുമാനിക്കുമെന്നും മമത ചോദിച്ചു. തന്റെ ഭാര്യയെ പറ്റി ഇപ്പോള്‍ അറിയില്ലെന്നാണ് മോദി നാമനിര്‍ദേശ പത്രികയില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, പക്ഷേ അദ്ദേഹം എന്നെ അത് പറയാന്‍ നിര്‍ബന്ധിതയാക്കിയെന്നും മമത പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുടുംബത്തിന്റെ വിവരങ്ങളുടെ കൂട്ടത്തില്‍ ഭാര്യയുടെ പേരും ഉൾപ്പെടുത്തിയിരുന്നു. യശോദ ബെന്‍ ഭാര്യയാണെന്നും എന്നാല്‍ അവര്‍ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ അറിയില്ലെന്നും സത്യവാങ്ങ്മൂലത്തില്‍ മോദി പറയുന്നു.
യശോദ ബെന്നിന്റെ പാന്‍ നമ്പരോ, ആദായ നികുതി അടച്ചതിന്റെ രേഖകളോ സത്യവാങ്മൂലത്തിൽ ചേര്‍ത്തിട്ടില്ല. ഭാര്യയുടെ ഉടമസ്ഥതയില്‍ ഭൂമിയോ, നിക്ഷേപങ്ങളോ, കെട്ടിടങ്ങളോ എന്തെങ്കിലും ഉണ്ടോയെന്ന് അറിയില്ലെന്നും മോദി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പുറത്തായതോടെ മോദിയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് മിണ്ടാത്ത ഏക പ്രധാനമന്ത്രി മോദിയായിരിക്കുമെന്നാണ് പ്രധാന വിമര്‍ശനം.