Lok Sabha Election Results 2019: മാണ്ഡ്യ: കര്‍ണാടകയില്‍ എല്ലാവരും ഉറ്റുനോക്കുന്ന ലോക്‌സഭാ മണ്ഡലമാണ് മാണ്ഡ്യ. നടിയും അന്തരിച്ച മുന്‍ എംപി അംബരീഷിന്റെ ഭാര്യയുമായ സുമലതയും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുമാണ് നേര്‍ക്കുനേര്‍ പോരാടിയത്. നിഖിലിനെ ബഹുദൂരം പിന്നിലാക്കിയാണ് സുമലതയുടെ വിജയം.

ജനതാദള്‍ എസിന്റെ നിഖില്‍ കുമാരസ്വാമി 576545 വോട്ടുകളാണ് നേടിയത്. സുമലത 702167 വോട്ടുകള്‍ നേടി. 125622 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് സുമലത വിജയിച്ചത്.

Read More: കുമാരസ്വാമിയുടെ മകനും സുമലതയും നേര്‍ക്കുനേര്‍; മാണ്ഡ്യയില്‍ പോരാട്ടം കനക്കും

ജെഡിഎസിന് അത്ര എളുപ്പത്തില്‍ മാണ്ഡ്യ കടക്കാന്‍ സാധിക്കില്ലെന്നായിരുന്നു തുടക്കം മുതലേ മണ്ഡലത്തിലെ പൊതു വിലയിരുത്തല്‍. മാണ്ഡ്യയില്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും ഭയമില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു സുമലത മത്സര രംഗത്തേക്കിറങ്ങിയത്. അന്തരിച്ച ഭര്‍ത്താവ് അംബരീഷ് മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുമലത വോട്ട് അഭ്യര്‍ത്ഥിച്ചത്. എതിര്‍ പക്ഷത്തുള്ളവരോട് പോലും സൗമ്യമായാണ് സുമലതയുടെ പെരുമാറ്റം.

സുമലതയ്ക്ക് മൂന്ന് അപരകളും മാണ്ഡ്യയിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കാര്യമായി വോട്ടുകള്‍ അപഹരിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളിലെ സൂചന.

കോണ്‍ഗ്രസ്- ബിജെപി ടിക്കറ്റുകള്‍ വേണ്ടെന്ന് വച്ചുകൊണ്ടാണ് ഭര്‍ത്താവ് അംബരീഷിന്റെ പ്രഭാവത്തില്‍ മാത്രം വിശ്വസിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ബിജെപിയുടേയും പിന്തുണ സുമലതയ്ക്ക് ഏകദേശം ഉറപ്പാക്കാനായിരുന്നു. മാണ്ഡ്യയില്‍ പ്രചാരണപരിപാടികളില്‍ വന്‍ ജനപങ്കാളിത്തവും സുമലതയ്ക്ക് ലഭിച്ചിരുന്നു.

മാണ്ഡ്യയില്‍ കാലങ്ങളായുള്ള കോണ്‍ഗ്രസ് ജെഡിഎസ് തര്‍ക്കവും സുമലതയ്ക്ക് ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍. സുമലതയെ പിന്തുണച്ചതിന്റെ പേരില്‍ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. കര്‍ഷക പാര്‍ട്ടിയായ കെആര്‍എസ്എസിന്റെ പിന്തുണയും സുമലതക്കുണ്ടായിരുന്നു. അംബരീഷിന് എല്ലാ പാര്‍ട്ടികളിലും നിന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരു മതേതര മുഖമായിരുന്നു. അതുപോലെയാണ് ഇപ്പോള്‍ താന്‍ സ്വയം കാണുന്നതെന്നും സുമലത വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.