ബംഗളൂര്‍: രാജ്യത്ത് അലയടിച്ച മോദി പ്രഭാവത്തില്‍ കടപുഴകി വീണത് കോണ്‍ഗ്രസിന്റെ മഹാസഖ്യമെന്ന സ്വപ്നം. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ ‘കര്‍ണാടക മോഡ’ലിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ദക്ഷിണേന്ത്യയില്‍ ബിജെപിയെ തളയ്ക്കാന്‍ തമിഴ്‌നാടിനും കേരളത്തിനും ആന്ധ്രാപ്രദേശിനും സാധിച്ചു. എന്നാല്‍, കര്‍ണാടക മോദി – അമിത് ഷാ സഖ്യത്തിന്റെ ചാണക്യ തന്ത്രത്തിന് മുന്നില്‍ വീണുപോയി. ബിജെപിക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെയ്തതുപോലെ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യം ഒന്നിച്ചുനിന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അത് വേണ്ടത്ര ഫലം നല്‍കിയില്ലെന്ന് വേണം പറയാന്‍.

Read More: കേരളത്തില്‍ ആറിടത്ത് ഉപതിരഞ്ഞെടുപ്പ്

കര്‍ണാടകത്തിലെ 28 സീറ്റുകളില്‍ 26 ഇടത്തും ലീഡ് ബിജെപിക്കാണ്. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനാകട്ടെ ആകെയുള്ളത് രണ്ട് സീറ്റുകളാണ്. ഒന്നിച്ചു മത്സരിച്ചിട്ട് പോലും ബിജെപിയെ പ്രതിരോധിക്കാന്‍ സാധിക്കാത്തതില്‍ സഖ്യത്തിനുള്ളില്‍ തന്നെ നിരാശയുണ്ട്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ ഒന്‍പത് സീറ്റുകളാണ് അവര്‍ കന്നഡ നാട്ടില്‍ നിന്ന് വര്‍ധിപ്പിച്ചത്. മോദി വിരുദ്ധ തരംഗമുണ്ടാകാമെന്നും അതിനാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ വിലയിരുത്തലുകളുണ്ടായപ്പോള്‍ ബിജെപി സീറ്റ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടത് ദക്ഷിണേന്ത്യയായിരുന്നു. അതില്‍ ഒന്നാം സ്ഥാനത്തായിരുന്നു കര്‍ണാടക. അമിത് ഷാ – മോദി കൂട്ടുക്കെട്ടും ബി.എസ്.യെദ്യൂരപ്പയെ പോലൊരു മുതിര്‍ന്ന നേതാവും ചേര്‍ന്നപ്പോള്‍ ആഗ്രഹിച്ചതെല്ലാം അതുപോലെ നടപ്പിലാക്കാന്‍ ബിജെപിക്ക് സാധിച്ചു.

Read More: അമേഠിയിൽ അടിതെറ്റിയ രാഹുൽ; സ്മൃതി ഇറാനിക്ക് ജയം

തുടക്കം മുതലേ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനുള്ളിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും പിണക്കങ്ങളും വരും ദിവസങ്ങളില്‍ വര്‍ധിച്ചാലും ആശ്ചര്യപ്പെടേണ്ടതില്ല. ബിജെപി സംസ്ഥാനത്ത് നടത്തിയ തേരോട്ടം ഒരുപക്ഷേ കര്‍ണാടകയിലെ രാഷ്ട്രീയ അന്തരീക്ഷം തന്നെ മാറ്റിമറിച്ചേക്കാം.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.