Lok Sabha Election 2019 Result Latest Updates: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണൽ ഏഴ് മണിക്കൂർ പിന്നിടുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണം ഉറപ്പിച്ച് കഴിഞ്ഞു. മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം ലീഡ് നില ഇങ്ങനെ.

എൻസിഎ – 343
യുപിഎ – 88
മറ്റുള്ളവർ – 111

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാൻ എൻഡിഎയ്ക്ക് സാധിച്ചിരുന്നു. ഒരു ഘട്ടത്തിൽ പോലും ദേശീയ ജനാധിപത്യ മുന്നണിക്ക് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ യുപിഎയ്ക്കോ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കോ സാധിച്ചില്ല. വൈകുന്നേരത്തോടെ ഏകദേശ ഫലം അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനം ഇന്ന് രാത്രിയോ മെയ് 24ന് രാവിലെയോ ആയിരിക്കും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും അമേഠയിൽ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയ്ക്ക് ബഹുദൂരം പിന്നിലാണ് രാഹുൽ. വാരണാസിയിൽ മോദിയും റായ്ബറേലിയിൽ സോണിയ ഗാന്ധിയും ലീഡ് ചെയ്യുന്നുണ്ട്.

പ്രമുഖ നേതാക്കന്മാരെല്ലാം വിജയത്തിന്റെ വക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, എന്നിവരെല്ലാം വിജയം ഉറപ്പിച്ച് കഴിഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി റെക്കോർഡ് ഭൂരിപക്ഷവും മറികടന്ന് മുന്നേറുകയാണ്.

Also Read: Lok Sabha Election Results 2019 Kerala Live

വലിയ പ്രതീക്ഷയുമായി ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ സാധിച്ചത്. ബിജെപിക്കാകട്ടെ ദക്ഷിണ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ് തിരിച്ചടിയുണ്ടായത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം മികച്ച മുന്നേറ്റം നടത്തിയതും കേരളത്തിലെ കോൺഗ്രസിന്റെ പ്രകടനവും ഒഴിച്ച് നിർത്തിയാൽ ദേശീയ തലത്തിൽ ബിജെപി വൻ മുന്നേറ്റമാണ് നടത്തിയത്.

Also Read: Lok Sabha Election 2019 Results Live

രാജ്യത്ത് 542 ലോക്സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.

ഫല പ്രഖ്യാപനത്തിന് മുന്നോടിയായി വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോളുകള്‍ പ്രകാരം ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്നായിരുന്നു പ്രവചനം. മിക്ക എക്സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.

Also Read: Lok Sabha Election Results 2019 Kerala: സെഞ്ചുറി അടിച്ചു, പക്ഷെ ടീം തോറ്റു: ശശി തരൂര്‍

എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ എക്സിറ്റ് പോളുകള്‍ കൃത്യമായി വന്നിട്ടുണ്ടെങ്കിലും പ്രവചനങ്ങള്‍ക്ക് തെറ്റ് പറ്റിയ ചരിത്രങ്ങളും ഉണ്ട്. പ്രധാനമായും 2004ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ അടല്‍ ബിഹാരി വാജ്പേയി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നെങ്കിലും ഭരണം നേടിയത് യുപിഎ സര്‍ക്കാരായിരുന്നു. രാജ്യം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ആര് വാഴും ആര് വീഴും എന്നറിയാന്‍.

മേയ് 19 നാണ് രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതിയത്. എക്സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ഉണ്ടെങ്കിലും യഥാര്‍ഥ ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.