Lok Sabha Election Results 2019: ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിരവധി സിനിമാ താരങ്ങളും കായിക താരങ്ങളുമൊക്കെ മത്സരിച്ചിട്ടുണ്ട്. ബിജെപിക്ക് വേണ്ടിയാണ് കൂടുതല്‍ താരങ്ങളും മത്സരിച്ചത്. ബിജെപിക്ക് വേണ്ടി മത്സരിച്ച പല താരങ്ങളും വിജയിച്ചപ്പോള്‍ ഇതര പാര്‍ട്ടികള്‍ക്ക് വേണ്ടി മത്സരിച്ചവര്‍ക്ക് അടി തെറ്റി.
ജയിച്ചു കയറിയ താരങ്ങള്‍-
ഹേമ മാലിനി (Hema Malini)
ഉത്തര്‍പ്രദേശിലെ മാഥുര മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഹേമ മാലിനി കോണ്‍ഗ്രസിന്റെ മഹേഷ് പഥകിനെയാണ് പരാജയപ്പെടുത്തിയത്. 6,36,366 വോട്ടുകള്‍ക്കാണ് ഹേമ മാലിനിയുടെ വിജയം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയേക്കാളും വോട്ട് നേടിയത് ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി നരേന്ദ്ര സിങ് ആണ്. അദ്ദേഹം 3,76,399 വോട്ട് നേടി. പഥക് വെറും 27,925 വോട്ടുകള്‍ മാത്രമാണ് നേടിയത്. 2014ലും ഹേമ മാലിനി മാഥുരയില്‍ വിജയിച്ചിട്ടുണ്ട്. അന്ന് മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ വ്യത്യാസത്തിലാണ് ഹേമ ആര്‍എല്‍ഡിയുടെ ചൗധരിയെ പരാജയപ്പെടുത്തിയത്. 2003-2009 കാലത്ത് രാജ്യസഭാ എംപി കൂടിയായിരുന്നു ഹേമ മാലിനി.
സണ്ണി ഡിയോള്‍ (Sunny Deol)
ബോളിവുഡ് താരം സണ്ണിഡിയോളിന്റെ സാന്നിധ്യത്താൽ പഞ്ചാബിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായിരുന്ന മണ്ഡലമായിരുന്നു ഗുര്‍ദാസ്പൂര്‍. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ബല്‍റാം ഝാക്കറുടെ മകനും നിലവിലെ എം.പിയുംമായ സുനില്‍ ഝാക്കറെയെ തോൽപിച്ച് സണ്ണി ഡിയോള്‍ വിജയം കൊയ്തു.
വിനോദ് ഖന്നയുടെ മരണത്തെതുടര്‍ന്ന് 2017ലാണ് സുനില്‍ ഝാക്കറെ എം.പിയായത്. 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ അക്കാലിദള്‍ 4 സീറ്റും ബീജെപി 2 സീറ്റുമാണ് നേടിയത്. പഞ്ചാബില്‍ നിന്ന് മാത്രം ആറ് സീറ്റുകളാണ് എന്‍.ഡി.എക്ക് ലഭിച്ചത്.
ഗൗതം ഗംഭീര്‍ (Gautam Gambhir)
ഈസ്റ്റ് ദില്ലി മണ്ഡലത്തിൽ കന്നിപ്പോരാട്ടത്തിനിരങ്ങിയ ഗൗതം ഗംഭീറിന് വൻ വിജയമാണ് നേടാനായത്. മൂന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ച ഗംഭീർ വിജയം സ്വന്തമാക്കിയത്. ഗൗതം ഗംഭീറിന് 55.5 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി അതീഷിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
കോൺഗ്രസ് സ്ഥാനാർത്ഥി അരവിന്ദർ സിംഗ് ലൗലി 24.3 ശതമാനം വോട്ടുകളും സ്വന്തമാക്കി. ഈസ്റ്റ് ദില്ലിയുൾപ്പെടെ രാജ്യതലസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളും ബിജെപി നേടി.
മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ സ്ഥാനാർത്ഥിത്വം തന്നെയാണ് ഈസ്റ്റ് ദില്ലിയിലെ പോരാട്ടം ശ്രദ്ധേയമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പുകൾ തൊട്ട് മുമ്പാണ് ഗംഭീർ ബിജെപിയിൽ ചേരുന്നത്. ഏറെക്കാലമായി പാർട്ടിയോട് അനുഭാവം പുലർത്തി വന്നിരുന്ന ഗംഭീറിനെ തിരഞ്ഞെടുപ്പ് കളത്തിലിറക്കാനുള്ള ബിജെപിയുടെ തീരുമാനം തെറ്റിയില്ല.
സ്മൃതി ഇറാനി (Smrit Irani)
കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ആണ് അമേഠിയിൽ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. നടിയും ബിജെപി നേതാവുമായ സ്മൃതിക്ക് നിലവിൽ 47598 വോട്ടുകളുടെ ലീഡാണ് രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ ഉളളത്. 2004 മുതൽ അമേഠിയെ പ്രതിനിധികരിച്ച് പാർലമെന്റിലെത്തിയ രാഹുലിന് നാലാം വട്ടം ജയം സ്വന്തമാക്കാൻ സാധിച്ചില്ല. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് സ്മൃതി ഇറാനി രാഹുലിനെ വീഴ്ത്തിയത്.
കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് അമേഠിയിലെ രാഹുലിന്റെ പരാജയം. കഴിഞ്ഞ തവണ വലിയ രീതിയിൽ കോൺഗ്രസിന്റെ ലീഡ് കുറച്ച സ്മൃതി ഇറാനി ഇത്തവണ വിജയം സ്വന്തമാക്കുകയായിരുന്നു. 33,9743 വോട്ടുകളാണ് സ്മൃതി ഇറാനി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ രാഹുലിന് 294290 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ബിഎസ്‌പി – എസ്‌പി സഖ്യം സ്ഥാനാർഥിയെ നിർത്താതെ തന്നെ വലിയ രീതിയിൽ രാഹുൽ പരാജയപ്പെടുകയായിരുന്നു. ആകെ 27 സ്ഥാനാർഥികളാണ് അമേഠിയിൽ നിന്ന് ജനവിധി തേടിയത്.
മനോജ് തിവാരി (Manoj Thivari)
ഭോജ്പുരി ഗായകനും നടനുമായ മനോജ് തിവാരിയാണ് ബിജെപിക്ക് വേണ്ടി ജയിച്ച മറ്റൊരാള്‍. 2009ല്‍ സമാജ്‍വാദി പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച് തോറ്റ അദ്ദേഹം നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് വിജയിച്ചത്.
അതും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനോടാണ് അദ്ദേഹത്തിന്റെ വിജയം. 3.59 ലക്ഷത്തിന്റെ ലീഡോടെയാണ് അദ്ദേഹത്തിന്റെ മുന്നേറ്റം. 2014ല്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച് 1,44,084 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്.
സുമലത (Sumalataha)
കര്‍ണാടകയില്‍ എല്ലാവരും ഉറ്റുനോക്കിയ ലോക്‌സഭാ മണ്ഡലമാണ് മാണ്ഡ്യ. നടിയും അന്തരിച്ച മുന്‍ എംപി അംബരീഷിന്റെ ഭാര്യയുമായ സുമലതയും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുമാണ് നേര്‍ക്കുനേര്‍ പോരാടിയത്. നിഖിലിനെ ബഹുദൂരം പിന്നിലാക്കിയാണ് സുമലതയുടെ വിജയം.
ജനതാദള്‍ എസിന്റെ നിഖില്‍ കുമാരസ്വാമി 576545 വോട്ടുകളാണ് നേടിയത്. സുമലത 702167 വോട്ടുകള്‍ നേടി. 125622 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് സുമലത വിജയിച്ചത്. ജെഡിഎസിന് അത്ര എളുപ്പത്തില്‍ മാണ്ഡ്യ കടക്കാന്‍ സാധിക്കില്ലെന്നായിരുന്നു തുടക്കം മുതലേ മണ്ഡലത്തിലെ പൊതു വിലയിരുത്തല്‍. മാണ്ഡ്യയില്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും ഭയമില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു സുമലത മത്സര രംഗത്തേക്കിറങ്ങിയത്. അന്തരിച്ച ഭര്‍ത്താവ് അംബരീഷ് മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുമലത വോട്ട് അഭ്യര്‍ത്ഥിച്ചത്. എതിര്‍ പക്ഷത്തുള്ളവരോട് പോലും സൗമ്യമായാണ് സുമലതയുടെ പെരുമാറ്റം.
നുസ്രത്ത് ജഹാന്‍ (Nusrat Jahan)
തൃണമൂല്‍ കോണ്‍ഗ്രസിന്റെ താര സ്ഥാനാര്‍ഥിയായി ബസിര്‍ഹത്തില്‍ നിന്ന് മത്സരിച്ച നുസ്രത്ത് ജഹാന് ഒരുലക്ഷത്തിനടുത്ത് വോട്ടിന്റെ ലീഡില്‍ വിജയിച്ചു.
29 കാരിയായ നുസ്രത്ത് ബിജെപിയുടെ സായന്തന്‍ ബസുവിനും കോണ്‍ഗ്രസിന്റെ ഖ്വാസി അബ്ദു റഹീമിനും എതിരെയാണ് വിജയിച്ചത്. ആദ്യമായാണ് നുസ്രത്ത് മത്സരിച്ചതെങ്കിലും തൃണമൂലിന്റെ ശക്തികേന്ദ്രമാണ് നടിയെ തുണച്ചത്. ഖോഖ 420, ഖിലാഡി, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
തോറ്റ പ്രമുഖ താരങ്ങള്‍-
സുരേഷ് ഗോപി (Suresh Gopi)
ബിജെപിക്ക് വേണ്ടി സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ തൃശൂരിലെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഏകദേശം രണ്ട് ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് സുരേഷ് ഗോപി സ്ഥാനാത്ഥിയായതിലൂടെ ബിജെപിക്ക് അധികം ലഭിച്ചത്. താരമൂല്യവും നാടകീയ പ്രസ്താവനകളുമായി കളം നിറഞ്ഞാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സുരേഷ് ഗോപിയെ ജനങ്ങളിലേക്കടുപ്പിച്ചത്.
പാർട്ടിയും താരവും വളരെ ശുഭപ്രതീക്ഷകളിലായിരുന്നു. ‘തൃശൂർ എനിക്കു വേണം. തൃശൂരിനെ ഞാൻ എടുക്കുന്നു’ എന്നുവരെ ഒരു ഘട്ടത്തിൽ താരം പറഞ്ഞു. പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ സുരേഷ് ഗോപിക്കു വേണ്ടി തൃശൂരിൽ പ്രചാരണത്തിനെത്തി. ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയാണ് ബി.ജെ.പി. പ്രചരണം കത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ പരാമർശത്തിനിടെ തെരഞ്ഞെടുപ്പ് കമീഷൻ ഇടപ്പെട്ടതോടെയാണ് സുരേഷ് ഗോപി ശ്രദ്ധിക്കപ്പെട്ടത് . എന്നാല്‍ ശബരിമലയും ഏശിയില്ലെന്ന് ഫലം വ്യക്തമാക്കുന്നു.
മൂന്നാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചതെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യുവുമായുള്ള വോട്ടുവ്യത്യാസം വെറും 20,000 മാത്രം. 2014ല്‍ കെപി ശ്രീശനായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. മൂന്നാം സ്ഥാനത്തായ ശ്രീശന്‍ 102681 വോട്ടുകള്‍ മാത്രമാണ് നേടിയത്. നാട്ടിക, മണലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലാണ് ബിജെപി വോട്ട് കൂടുതല്‍ നേടിയത്. തൃശൂരില്‍ 12166 വോട്ട് മാത്രമാണ് ബിജെപി നേടിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറി. 2,93822 വോട്ടുകള്‍ തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി പിടിച്ചു. 1,91,141 വോട്ടുകളുടെ വര്‍ധന.
ഇന്നസെന്റ് (Innocent)
ഇടതുപക്ഷത്തിന് വേണ്ടി ചാലക്കുടിയിലാണ് സിനിമാ താരവും സിറ്റിംഗ് എംപിയുമായ ഇന്നസെന്റ് മത്സരിച്ചത്. ഇന്നസെന്റിനെ പരാജയപ്പെടുത്തിയാണ് ബെന്നി ബെഹനാനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലൊഴികെ ഒരിക്കല്‍ പോലും മുന്നിലെത്താന്‍ ഇന്നസെന്റിന് സാധിച്ചിരുന്നില്ല.
ബെന്നി ബെഹനാനോട് ഇന്നസെന്റ് തോറ്റിരിക്കുന്നത് 1,32,274 വോട്ടുകള്‍ക്കാണ്. ബെന്നി ബെഹനാന്‍ 4,73,444 വോട്ടുകള്‍ നേടിയപ്പോള്‍ ഇന്നസെന്റിന് ലഭിച്ചത് 3,411,70 വോട്ടുകളാണ്. കോണ്‍ഗ്രസിലെ ശക്തനായ നേതാവ് പിസി ചാക്കോയെ പരാജയപ്പെടുത്തിയാണ് 2014ല്‍ ഇന്നസെന്റിലൂടെ എല്‍ഡിഎഫ് ചാലക്കുടി മണ്ഡലം പിടിച്ചെടുത്തത്. അന്ന് 13,884 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് പിസി ചാക്കോയെ അട്ടിമറിച്ചത്.
ഊര്‍മ്മിള മതോന്ദ്കർ (Urmila Matondkar)
കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച ഊര്‍മ്മിള മതോന്ദ്കര്‍ രാഷ്ട്രീയ പ്രവേശനം നടത്തി ആദ്യമായാണ് മത്സരിക്കുന്നത്. 4,52,226 വോട്ടുകളുടെ ലീഡാണ് ബിജെപിയുടെ ഗോപാല്‍ ഷെട്ടി ഊര്‍മ്മിളയ്ക്കെതിരെ നിലനിര്‍ത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടില്ല. തോറ്റെങ്കിലും രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് നടി പ്രതികരിച്ചു.
‘രാഷ്ട്രീയത്തില്‍ തുടരും. വളരെ വലിയൊരു പോരാട്ടമായിരുന്നു എനിക്കിത്. നിങ്ങളുടെ മുമ്പില്‍ പരാജിതയായാണ് ഞാന്‍ നില്‍ക്കുന്നത്. പക്ഷെ എന്നെ കണ്ടാല്‍ എല്ലാം നഷ്ടപ്പെട്ടവളെ പോലെ തോന്നുന്നുണ്ടോ? വളരെ സത്യസന്ധതയോടെ പോരാടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു,’ ഊര്‍മ്മിള പറഞ്ഞു.
ജയപ്രദ (Jayapradha)
രാംപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ ജയപ്രദ മത്സരിച്ചത്. ജയപ്രദയെ പരാജയപ്പെടുത്തി അസം ഖാൻ ആണ് പാർലമെന്റിലേക്ക് ചുവടുവെക്കുന്നത്. ബദ്ധവൈരികൾ തമ്മിലുള്ള പോരാട്ടമാണ് ഇക്കുറി രാംപൂർ മണ്ഡലത്തെ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഒരു കാലത്ത് അസംഖാന്റെ അടുത്ത അനുയായി ആയിരുന്നു ജയപ്രദ. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പരസ്പരം ആരോപണം ഉന്നയിച്ചു വ്യക്തിഹത്യ നടത്തിയുമാണഅ ഇരു സ്ഥാനാർത്ഥികളും വാർത്തകളിൽ ഇടം പിടിച്ചത്.
1,40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അസംഖാന്റെ വിജയം. ശക്തി കേന്ദ്രത്തിലെ അസംഖാന്റെ വിജയം മഹാസഖ്യത്തിനും ആശ്വാസമായി. 9 തവണ രാംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് അസംഖാൻ. ലോക്സഭയിലേക്കുള്ള കന്നിപ്പോരാട്ടമായിരുന്നു ഇത്.
കൃഷ്ണ പൂനിയ (Krishna Poonia)
ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ ദേശീയചാമ്പ്യനായിരുന്ന കൃഷ്ണ പൂനിയ കോണ്‍ഗ്രസിന് വേണ്ടിയാണ് മത്സരിച്ചത്. രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ നിന്ന് മത്സരിച്ച കൃഷ്ണ, ബിജെപിയുടെ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോടാണ് പരാജയപ്പെട്ടത്. അദ്ദേഹം മുന്‍ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയാണ്. 2,68,325 വോട്ടുകള്‍ റാത്തോഡ് നേടിയപ്പോള്‍, കൃഷ്ണ 1,42,055 വോട്ടുകള്‍ നേടി.
വിജേന്ദര്‍ സിങ് (Vijender Singh)
ഇന്ത്യന്‍ കായിക പ്രേമികള്‍ നന്നായി ആഘോഷിച്ച ബോക്സിങ് താരമായിരുന്നു വിജേന്ദര്‍ സിങ്. കോണ്‍ഗ്രസിനായി സൗത്ത് ഡല്‍ഹിയില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. ബിജെപിയുടെ രമേശ് ബിധൂരിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. ബിധൂരി 6,79,402 വോട്ട് നേടിയപ്പോള്‍ വിജേന്ദര്‍ 1,63,228 വോട്ടാണ് നേടിയത്. എഎപിയുടെ രാഘവ് ചദ്ദ 3,17,220 വോട്ടുകള്‍ നേടി.
പ്രകാശ് രാജ് (Prakash Raj)
ബെംഗളൂരു സെന്‍ട്രലില്‍ നിന്നാണ് നടന്‍ പ്രകാശ് രാജ് സ്വതന്ത്രനായി മത്സരിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹമെത്തിയത്. തന്റെ കരണത്തേറ്റ ശക്തമായ അടിയാണിതെന്നാണ് തോല്‍വിക്ക് ശേഷം അദ്ദേഹം പ്രതികരിച്ചത്. ബെംഗളൂരു സെന്‍ട്രലില്‍ ബിജെപി നേതാവ് പിസി മോഹനെതിരെയും കോണ്‍ഗ്രസ് നേതാവ് റിസ്‌വാന്‍ അഹമ്മദിനെതിരെയുമാണ് പ്രകാശ് രാജ് മത്സരിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥി പിസി മോഹന്‍ മണ്ഡലത്തില്‍ 4.9 വോട്ടുമായി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അര്‍ഷാദ് 4.7 ലക്ഷം വോട്ടുകളും നേടിയിരുന്നു. അതേസമയം പ്രകാശ് രാജിന് വെറും 23980 വോട്ടുകളാണ് ലഭിച്ചത്. നേരത്തെ പ്രചാരണങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു പ്രകാശ് രാജ്. അദ്ദേഹം മികച്ച ജയം നേടുമെന്ന് വരെ പ്രവചനമുണ്ടായിരുന്നു.
ശത്രുഘ്നന്‍ സിന്‍ഹ (Shatrughan Sinha)
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടനും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ പട്നസാഹിബ് മണ്ഡലത്തില്‍ പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. നിലവില്‍ 62 ശതമാനം വോട്ട് രവിശങ്കര്‍ പ്രസാദിന് ലഭിച്ചു. 2014ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ശത്രുഘ്നൻ സിൻഹ രണ്ടര ലക്ഷത്തിലേറെ വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണിത്.
ബിജെപി ടിക്കറ്റിൽ മത്സരിച്ച് തുടർച്ചയായി രണ്ട് തവണ പാട്ന സാഹിബ് മണ്ഡലത്തിന്റെ എംപിയായി നേതാവാണ് ബോളിവുഡ് താരം കൂടിയായ ശത്രുഘ്നൽ സിൻഹ. എന്നാൽ പാർട്ടിയിൽ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ശത്രുഘ്നൻ സിൻഹ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുന്നത്. പട്ന സാഹേബ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിയാണ് ശത്രുഘ്നൻ സിൻഹയെ കോൺഗ്രസ് സ്വീകരിച്ചത്.
പൂനം സിന്‍ഹ (Poonam Sinha)
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്നാണ് നടിയായ പൂനം സിന്‍ഹ മത്സരിച്ചത്. ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ കൂടിയാണ് ഇവര്‍. ശക്തനായ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയും ആയ രാജ്നാഥ് സിങ് ആയിരുന്നു എതിരാളി. 56.8 ശതമാനം വോട്ടുകളാണ് രാജ്നാഥ് സിങ് നേടിയത്. സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച പൂനം സിന്‍ഹ 25.9 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസിന്റെ പ്രമോദ് കൃഷ്ണം മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. 15.7 ശതമാനം വോട്ടാണ് അദ്ദേഹം നേടിയത്.