തിരുവനന്തപുരം: കണ്ണൂർ പാമ്പുരുത്തിയിൽ 9 പേർ കളളവോട്ട് ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതിൽ ആറു പേർ കളളവോട്ട് ചെയ്തുവെന്നു സമ്മതിച്ചു. ചിലർ മാപ്പ് എഴുതി നൽകി. പക്ഷേ ഇത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. മാപ്പ് നൽകാനാവില്ലന്നും ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. .

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ബൂത്ത് നമ്പർ 52 ൽ കളളവോട്ട് നടന്നു. ഇവിടുത്തെ കളളവോട്ടിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കും. പോളിങ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിക്കും വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

പൊലീസിന്റെ പോസ്റ്റർ വോട്ട് ക്രമക്കേടിൽ 15 ന് റിപ്പോർട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കും. 63,000 പോസ്റ്റൽ വോട്ടുകൾ അയച്ചു. ഇതിൽ 8000 മാത്രമാണ് മടക്കി കിട്ടിയത്. അൻപതിനായിരത്തോളം പോസ്റ്റൽ വോട്ടുകൾ ഇനിയും കിട്ടാനുണ്ട്. തിരുവനന്തപുരം ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ പോസ്റ്റൽ വോട്ടുകൾ തിരികെ ലഭിച്ചതെന്നും ടിക്കാറാം മീണ പറഞ്ഞു.

Read: കാസർകോട് വീണ്ടും കളളവോട്ട് പരാതിയുമായി കോൺഗ്രസ്, ദൃശ്യങ്ങൾ പുറത്തുവിട്ടു

പൊലീസിലെ പോസ്റ്റല്‍ ബാലറ്റിൽ തിരിമറി നടന്നെന്നത് നേരത്തെ ഡിജിപി സ്ഥിരീകരിച്ചിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറിയ റിപ്പോര്‍ട്ടിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോസ്റ്റൽ ബാലറ്റിൽ തിരിമറി നടന്നത് സ്ഥിരീകരിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഡിജിപി നിര്‍ദേശിച്ചിരുന്നു.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പെടുന്ന പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലാണ് കളളവോട്ടുകൾ നടന്നുവെന്ന് എൽഡിഎഫ് പരാതി നൽകിയത്. മുസ്‌ലിം ലീഗ് പ്രവർത്തകർ കളളവോട്ടു ചെയ്തെന്നാണ് എൽഡിഎഫ് പരാതി നൽകിയത്. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 9 പേർ 12 കളളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞത്. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.

ധർമ്മടത്ത് ബൂത്ത് നമ്പർ 52 ലാണ് കളളവോട്ട് നടന്നത്. സായൂജ് എന്ന സിപിഎം പ്രവർത്തകനാണ് ഇവിടെ കളളവോട്ട് ചെയ്തത്. 47-ാം ബൂത്തിലും 52-ാം ബൂത്തിലും സായൂജ് വോട്ട് ചെയ്തതായി ദൃശ്യങ്ങളിൽനിന്നും വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെയും ക്രിമിനൽ കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

More Election News

കണ്ണൂരിനു പുറമേ കാസർകോട് കളളവോട്ട് നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. കാസർകോട് മണ്ഡലത്തിലെ കയ്യൂർ ചീമേനിയിൽ കളളവോട്ട് നടന്നുവെന്നാണ് കോൺഗ്രസ് പരാതി നൽകിയത്. 48-ാം ബൂത്തിൽ രണ്ടു സിപിഎം പ്രവർത്തകർ പലതവണ വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. രാഹുൽ.എസ്, വിനീഷ് എന്നിവരുടെ ദൃശ്യങ്ങളാണ് കളളവോട്ട് നടന്നുവെന്ന് കാട്ടി കോൺഗ്രസ് പരാതി നൽകിയത്. ഇരുവരും വ്യത്യസ്ത സമയങ്ങളിൽ വോട്ട് ചെയ്യാൻ നിൽക്കുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്.

പ്രവാസികളായ 16 പേരുടെ വോട്ടുകൾ ഈ ബൂത്തിൽ കളളവോട്ട് ചെയ്തുവെന്നാണ് കോൺഗ്രസ് പരാതിയിൽ പറയുന്നത്. സിപിഎം ശക്തികേന്ദ്രമായ ചീമേനിയിൽ കൂളിയാട് സ്കൂളിലെ ബൂത്തുകളിൽ മാത്രം 120ലധികം പേരുടെ കള്ളവോട്ട് നടന്നുവെന്നും കോൺഗ്രസ് പരാതിയിൽ പറയുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.