ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി. കോണ്‍ഗ്രസ് മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാജിയ്ക്ക് സന്നദ്ധത അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ നേരത്തെ രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. യുപിയിലെ ഫത്തേപൂര്‍ സിക്രയില്‍ നിന്ന് ജനവിധി തേടിയ ബബ്ബര്‍ നാല് ലക്ഷത്തോളം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥിയോട് പരാജയം വഴങ്ങിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് രാജ് ബബ്ബര്‍ കത്തില്‍ പറയുന്നു. രാജ് ബബ്ബര്‍ രാജി സന്നദ്ധത അറിയിച്ചതായി സംസ്ഥാന നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്.
जनता का विश्वास हासिल करने के लिए विजेताओं को बधाई।
यूपी कांग्रेस के लिए परिणाम निराशाजनक हैं। अपनी ज़िम्मेदारी को सफ़ल तरीके से नहीं निभा पाने के लिए ख़ुद को दोषी पाता हूँ। नेतृत्व से मिलकर अपनी बात रखूंगा।
— Raj Babbar (@RajBabbarMP) May 24, 2019
Read More: ഇന്ന് കേരളം ചിന്തിച്ചത് നാളെ ഡല്‍ഹി ചിന്തിക്കും: രമേശ് ചെന്നിത്തല
കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രചാരണ വിഭാഗം അധ്യക്ഷന്‍ എച്ച്.കെ.പട്ടീലും രാഹുല്‍ ഗാന്ധിക്ക് രാജി സന്നദ്ധത അറിയിച്ച് കത്തയച്ചിട്ടുണ്ട്. അധികാരത്തില്‍ നിന്ന് ഒഴിയുക ധാര്‍മിക ഉത്തരവാദിത്തമാണെന്ന് എച്ച്.കെ.പട്ടീല്‍ പ്രതികരിച്ചു. ഒഡീഷ പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായികും രാജി അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയോടാണ് നിരഞ്ജന്‍ പട്‌നായികും രാജി സന്നദ്ധത അറിയിച്ചിട്ടുള്ളത്. അമേഠിയിലെ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജി സന്നദ്ധത അറിയിച്ചു.
Read More: കേരളത്തില്‍ വോട്ട് ബാങ്ക് വര്‍ധിപ്പിച്ച് ബിജെപി; കണക്കുകള്‍ ഇങ്ങനെ
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചത്. രാഹുല്‍ ഗാന്ധി അമേഠി മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കാതെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. 50,000 ത്തിലേറെ വോട്ടുകള്‍ക്കായിരുന്നു രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ ബിജെപി 64 സീറ്റുകള്‍ നേടി അപ്രമാദിത്തം നിലനിര്‍ത്തിയപ്പോള്‍ എസ്.പി – ബി.എസ്.പി സഖ്യത്തിന് 15 സീറ്റുകളേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് ഏക സീറ്റിലൊതുങ്ങി.
ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യം കര്‍ണാടകയിലും തകര്‍ന്നടിഞ്ഞു. ബെംഗളൂര്‍ റൂറല്‍ സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയിക്കാനായത്. ആകെയുള്ള 28 സീറ്റുകളില്‍ 26 സീറ്റും ബിജെപിയാണ് നേടിയത്.