ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് – ആം ആദ്മി സഖ്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഖ്യത്തില്‍ കാര്യത്തില്‍ തീരുമാനം വൈകുന്നതിന്റെ ഉത്തരവാദിത്തം അരവിന്ദ് കെജ്‌രിവാളിനാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ആരോപിച്ചു.

“കോണ്‍ഗ്രസ് – ആം ആദ്മി സഖ്യം ഡല്‍ഹിയില്‍ ബിജെപിയുടെ അടിവേരറക്കും. ആം ആദ്മിക്ക് ഡല്‍ഹിയില്‍ നാല് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പക്ഷേ, അരവിന്ദ് കെജ്‌രിവാള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. സഖ്യത്തിനായുള്ള വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. പക്ഷേ, സമയം അതിക്രമിച്ചിരിക്കുന്നു” – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇതിനു പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി അരവിന്ദ് കെജ്‌രിവാൾ രംഗത്തുവന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചുകൊണ്ട് നരേന്ദ്ര മോദിയെ സഹായിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് രാഹുലിന്റെ ട്വീറ്റിന് മറുപടിയായി കെജ്രിവാള്‍ പറഞ്ഞു.

നേരത്തെ ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് ഡൽഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.  സഖ്യത്തിന് താല്‍പ്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍‍രിവാള്‍ നേരത്തെ വ്യക്തമാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ