ന്യൂഡല്‍ഹി: ലോക് സഭ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് എണ്ണണമെന്ന് സുപ്രീംകോടതിയുടെ വിധി. എല്ലാ മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Read More: Lok Sabha Election 2019: നാമനിർദേശ പത്രിക പിൻവലിക്കാനുളള അവസാന തീയതി ഇന്ന്
വിവിപാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്. വിവി പാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫലം അറിയാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചത്. ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാനാകും എന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.
വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതിന് എന്തുകൊണ്ട് പ്രത്യേക സംഘത്തെ നിയമിച്ചൂകൂട എന്ന് സുപ്രീംകോടതി ചോദിച്ചു. അതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ എല്ലാവരേയും തിരഞ്ഞെടുപ്പില്‍ തൃപ്തിപ്പെടുത്തേണ്ടതുണ്ട് എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.