തിരുവനന്തപുരം: കോവളം ചൊവ്വരയിലെ 151-ാം ബൂത്തിൽ വോട്ടിങ് മെഷീനിൽ ഏതു ബട്ടൺ അമർത്തിയാലും ഒരു പ്രത്യക പാർട്ടിക്ക് മാത്രം വോട്ട് വീഴുന്നുവെന്നത് തെറ്റായ വാർത്തയാണെന്ന് തിരുവനന്തപുരം കലക്ടർ കെ.വാസുകി. സാങ്കേതികമായി അത് സാധ്യമല്ല. ആ രീതിയിൽ വോട്ടിങ് മെഷീൻ സെറ്റ് ചെയ്യാനാവില്ല. 76 വോട്ട് ചെയ്ത ശേഷം 77-ാം വോട്ട് ചെയ്യുന്ന സമയത്ത് വോട്ടിങ് മെഷീനിൽ ചെറിയ തകരാറുണ്ടായി. വോട്ടിങ് മെഷീനിൽ ചെറിയ പ്രശ്നം വന്നാലും മെഷീൻ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഉടൻ തന്നെ മെഷീൻ മാറ്റി. ഇപ്പോൾ പോളിങ് ബൂത്തിൽ ഒരു പ്രശ്നവും ഇല്ലെന്നും ജനങ്ങൾക്ക് സുഗമമായി വോട്ട് ചെയ്ത് മടങ്ങാമെന്നും വാസുകി പറഞ്ഞു.

ചൊവ്വരയിലെ 51-ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോൾ ലൈറ്റ് തെളിയുന്നത് താമരയ്ക്കാണെന്നാണ് പരാതി ഉയർന്നത്. 76 പേർ വോട്ട് ചെയ്തശേഷം 77-ാമതായി വോട്ട് ചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തകനാണ് ഇത്തരമൊരു പരാതിയുമായി പ്രിസൈഡിങ് ഓഫീസറെ സമീപിച്ചത്. ഇതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇവർക്കൊപ്പം എൽഡിഎഫ് പ്രവർത്തകരും പ്രതിഷേധിച്ചു. ഇതുവരെ രേഖപ്പെടുത്തിയ 76 വോട്ടുകളുടേയും വിവി പാറ്റ് സ്ലിപ്പ് പരിശോധിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യം രേഖാമൂലം നല്‍കാനും വിശദമായി പ്രശ്നം പരിശോധിക്കുമെന്നും പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിച്ചു.

Lok Sabha Election Phase 3 Live Updates

ആലപ്പുഴ ചേർത്തലയിലെ 40-ാം ബൂത്തിലും ഇതേ പ്രശ്നം ഉണ്ടായി. മോക് പോളിങ്ങിലാണ് ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. വോട്ടിങ് മെഷീനിലെ ഏതു ബട്ടണിൽ അമർത്തിയാലും തമാരയ്ക്ക് തെളിയുന്നതാണ് കണ്ടത്. വോട്ടിങ് മെഷീൻ മാറ്റിയാണ് ഇവിടെ വോട്ടിങ് തുടങ്ങിയത്.

ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലുമായി 227 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. 20 മണ്ഡലങ്ങളിലായി 2,61,51,534 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ കൂടുതല്‍ സ്ത്രീകളാണ്. 1,34,66,521 സ്ത്രീ വോട്ടര്‍മാരും 1,26,84,839 പുരുഷ വോട്ടര്‍മാരും കേരളത്തിലുണ്ട്. കേരളത്തില്‍ നിന്ന് 174 ട്രാന്‍സ്പേഴ്സണ്‍സാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് മലപ്പുറം ലോക്സഭാ മണ്ഡലത്തിലാണ്. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.