തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം നാളെ ജനവിധിയെഴുതും. 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നാളെ രാവിലെ 7 മുൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്നു നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു വിവിധ കേന്ദ്രങ്ങളിൽ നടക്കും.

സംസ്ഥാനത്ത് 2 കോടി 61 ലക്ഷം പേർക്കാണ് വോട്ടിങ് അവകാശമുളളത്. സംസ്ഥാനത്താകെ 24,970 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുളളത്. ഇതിൽ 831 പ്രശ്ന ബാധിത ബൂത്തുകളും 359 തീവ്ര പ്രശ്ന സാധ്യതാ ബൂത്തുകളും 219 മാവോയിസ്റ്റ് ഭീഷണിയുളള ബൂത്തുകളുമുണ്ട്.

58,138 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല. സിഐഐഎഫ്എഫ്, സിആർപിഎഫ്, ബിഎസ്എഫ് ജവാന്മാരുടെ 55 കമ്പനി സേനയും സുരക്ഷയൊരുക്കും. ഇതിനു പുറമേ തമിഴ്നാട്ടിൽ 2000 പൊലീസുകാരെയും കർണാടകയിൽനിന്നും 1000 പൊലീസുകാരേയും സുരക്ഷയ്ക്കായി വിന്യസിക്കും.

Read: പരസ്യ പ്രചരണം അവസാനിച്ചു: കൊട്ടിക്കലാശത്തിനിടെ വ്യാപക സംഘര്‍ഷം

പോളിങ് ബൂത്തിൽ 12 തിരിച്ചറിയൽ രേഖകളാണ് വോട്ടിങ്ങിനായി ഉപയോഗിക്കാനാവുക. വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർക്കാർ സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച പാസ്ബുക്ക്, പാൻ കാർഡ്, കേന്ദ്രസർക്കാരിന്റെ സ്മാർട് കാർഡ്, തൊഴിലുറപ്പു പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, ജനപ്രതിനിധികൾക്കുളള തിരിച്ചറിയൽ രേഖ, ആധാർ കാർഡ്. വോട്ടിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്കായുളള ഹെൽപ്‌ലൈൻ നമ്പർ- 1950.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. സർക്കാർ ഓഫിസുകൾക്ക് അവധിയില്ല. പോളിങ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്ന സർക്കാർ/അർധ സർക്കാർ/ഇതര സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

കേരളത്തിനു പുറമേ 96 ലോക്സഭാ മണ്ഡലങ്ങളിലേക്കും നാളെയാണ് വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കും. ഏറ്റവും കൂടുതൽ സീറ്റുകൾ ഗുജറാത്തിലാണ്. 26 സീറ്റുകളിലേക്കാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാളത്തോടെ വോട്ടെടുപ്പ് പൂർത്തിയാകും.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.