കോഴിക്കോട്: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. സിപിഎം സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുമെന്ന് ആര്‍എംപി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു. വടകരയില്‍ സിപിഎമ്മിനെ നേരിടാന്‍ സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ആര്‍എംപി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, പി.ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയാണ് ആവശ്യമെന്ന് ആര്‍എംപി നിലപാടെടുത്തു.
Read More: കെ.വി.തോമസിനെ അനുനയിപ്പിക്കാന്‍ കോൺഗ്രസ് നേതാക്കള്‍; സ്വാഗതം ചെയ്ത് ബിജെപി
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരായാലും അവരെ പിന്തുണക്കുമെന്നും സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും ആര്‍എംപി നേതാവ് എന്‍.വേണു വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയാണെന്നും വേണു കൂട്ടിച്ചേര്‍ത്തു.
ജയരാജന് തോല്‍ക്കുന്നതിനായി യുഡിഎഫിനെ പിന്തുണക്കുമെന്ന് കെ.കെ.രമ പ്രതികരിച്ചു. വടകരയില്‍ നിന്ന് ഒരു കൊലയാളി ജയിച്ചുപോകുന്ന സാഹചര്യമുണ്ടാകരുതെന്നും അതിനുവേണ്ടിയാണ് ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണക്കുന്നതെന്നും രമ കൂട്ടിച്ചേര്‍ത്തു.
പി.ജയരാജനെതിരെ കെ.കെ.രമ തന്നെ മത്സരരംഗത്തുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയരാജനെതിരെ പ്രചാരണം ശക്തമാക്കാനാണ് ആര്‍എംപിയുടെ തീരുമാനം. വടകര ഒഴികെ മറ്റ് സീറ്റുകളില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.
സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുല്ലപ്പള്ളി രാമചന്ദ്രനാണ് നിലവില്‍ വടകരയിലെ എംപി. ഇത്തവണ മുല്ലപ്പള്ളി മത്സരിക്കുന്നില്ല. വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.