തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രചാരണ ആയുധമാക്കരുതെന്നേ ഉള്ളൂ എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗത്തിന് ശേഷം ശ്രീധരൻ പിള്ള പ്രതികരിച്ചു.

വിഷയങ്ങളെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. പൂർണ തൃപ്തനായാണ് യോഗത്തിന് ശേഷം പുറത്തിറങ്ങുന്നത്. മതവിദ്വേഷമോ സാമുദായിക സ്പര്‍ദ്ധയോ ഉണ്ടാക്കുന്ന തരത്തില്‍ ശബരിമല പ്രചാരണ ആയുധമാക്കരുതെന്ന് മാത്രമാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Read More: ശബരിമല കൊണ്ട് വോട്ട് പിടിക്കണ്ട; നിലപാട് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. അത് പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്. ബാബറി മസ്ജിദ് പോലെ, ഗാന്ധി വധം പോലെ, മുത്തലാഖ് വിഷയം പോലെ ശബരിമലയും പ്രചാരണ വിഷയമാകും. ധര്‍മ്മശാസ്താവിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കരുതെന്നേയുള്ളൂ. അത് പെരുമാറ്റ ചട്ടത്തിന് എതിരാണ്. മതങ്ങളോ സമുദായങ്ങളോ തമ്മില്‍ പ്രശ്‌നമാകുന്ന തരത്തില്‍ ശബരിമല ഉപയോഗിക്കരുത് എന്ന് മാത്രമാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞതെന്നും അത് ബിജെപി അനുസരിക്കുമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ശ്രീധരൻ പിള്ള പറഞ്ഞതുപോലെ ശബരിമല പ്രചാരണ വിഷയമാക്കാന്‍ കമ്മീഷന്റെ അനുമതിയില്ലെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ സര്‍വകക്ഷി യോഗത്തിന് ശേഷം പ്രതികരിച്ചു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ആനത്തലവട്ടം പ്രതികരിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തുവരികയായിരുന്നു. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അവകാശമില്ലെന്നായിരുന്നു ഇരു പാര്‍ട്ടികളും ഇതിനോട് പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ