scorecardresearch
Latest News

ബിജെപിക്കാര്‍ സുരേന്ദ്രന്റെ കാല് വാരി, തെളിവായി ശബ്ദരേഖ ഉണ്ട്: പിസി ജോര്‍ജ്

ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകള്‍ തന്റെ കൈയിലുണ്ടെന്നും ജോര്‍ജ് വെളിപ്പെടുത്തി

ബിജെപിക്കാര്‍ സുരേന്ദ്രന്റെ കാല് വാരി, തെളിവായി ശബ്ദരേഖ ഉണ്ട്: പിസി ജോര്‍ജ്

പൂഞ്ഞാർ: പത്തനംതിട്ടയിൽ ബി.ജെ.പി വോട്ട്​ മറിച്ചെന്ന ആരോപണവുമായി ജനപക്ഷം സെക്കുലർ പാർട്ടി നേതാവ്​ പി.സി ജോർജ്​. എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്ര​ന്റെ കാലുവാരിയത്​ ബി.ജെ.പിക്കാർ തന്നെയാണെന്ന് പി.സി ജോർജ്​ ആരോപിച്ചു.​ പത്തനംതിട്ടയിലേയും തിരുവനന്തപുരത്തേയും തോൽവി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോർജ് പറഞ്ഞു.

സുരേന്ദ്ര​ന്റെ കൂടെ പ്രാചാരണത്തിനിറങ്ങിയ ന്യൂനപക്ഷ മോർച്ച നേതാക്കൾ ആണ്ചതിച്ചതെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കുന്നത്. ഇവര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകള്‍ തന്റെ കൈയിലുണ്ടെന്നും ജോര്‍ജ് വെളിപ്പെടുത്തി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡൻറ്​ എപ്പോഴും സുരേന്ദ്രനൊപ്പമുണ്ടായിരുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ അയാള്‍ ആ​ന്റോ ആൻറണിക്ക് വോട്ട് ചെയ്യാനാണ്​ ആവശ്യ​പ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം പിസി ജോർജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിൽ നിന്നും കിട്ടിയില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിൽ ജയിക്കുമെന്ന് ബിജെപിക്ക് പുറത്ത് നിന്ന് ആദ്യമായി ഒരാൾ പറയുന്നത് പിസി ജോർജ് ആയിരുന്നെന്നും കെ സുരേന്ദ്രൻ ഓർമ്മിച്ചു. എന്നാൽ സ്വാധീനമേഖലയിൽ പോലും വോട്ട് കുറഞ്ഞതിന്റെ സാഹചര്യവും കാരണവും പാർട്ടി ഫോറങ്ങളിൽ വിശദമായി വിലയിരുത്തുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

പത്തനംതിട്ടയിലെ ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിൽ അഞ്ചിലും ബിജെപി നില മെച്ചപ്പെടുത്തിയപ്പോൾ പ്രതീക്ഷിച്ചിതിലേറെ തിരിച്ചടി കിട്ടിയത് പിസി ജോർജിന്റെ തട്ടകമായ പൂഞ്ഞാറിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നുമായിരുന്നു. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. ആകെ ലഭിച്ച 2,97,396 വോട്ടുകളിൽ പൂഞ്ഞാറിൽ നിന്നുള്ളത് 30990 വോട്ടുകൾ മാത്രമാണ്. ഇതോടെ പിസി ജോർജിന്റെ പിന്തുണ സുരേന്ദ്രന് ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ പൂഞ്ഞാറിൽ നിന്നും 19966 വോട്ടുകൾ എൻഡിഎയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് 43614 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത്തവണ അത് 61530 വോട്ടുകളായി ഉയർന്നു. പൂഞ്ഞാർ മണ്ഡലത്തിൽ നിന്നാണ് 17929 വോട്ടുകളോടെ യുഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്.

എൻഎസ്എസിന്‍റെ പിന്തുണ കിട്ടാതിരുന്നതാണ് ആറന്മുളയിലടക്കം സുരേന്ദ്രന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. ശബരിമലയിൽ പിണറായി സർക്കാറിനെതിരെ കടുത്ത നിലപാടെടുത്ത എൻഎസ്എസ് സുരേന്ദ്രന് വോട്ട് ചെയ്താൽ വീണ ജയിക്കുമെന്ന സാഹചര്യത്തിൽ ആൻറോയെ സഹായിച്ചെന്നാണ് ബിജെപി കണക്ക് വിശദീകരണം.

അമിത്ഷായും യോഗി ആദിത്യനാഥുമൊക്കെ പലവട്ടം പ്രചാരണത്തിനെത്തിയ പത്തനംതിട്ടയിൽ വലിയ വിജയ പ്രതീക്ഷയാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ശബരിമല സമര നായകനെന്ന നിലയിൽ അവതരിപ്പിച്ച് മത്സരത്തിനിറക്കിയിട്ടും വോട്ട് പിടിച്ചതിൽ കവിഞ്ഞ് ഒരു ചലനവും ഉണ്ടാക്കാൻ കെ സുരേന്ദ്രന് കഴിഞ്ഞില്ല.

ശബരിമല സമരങ്ങളുടെ ഭാഗമായി പോലീസിന്റെ തല്ലുകൊണ്ടതും, കേസുകളില്‍ പെട്ട് ജയലില്‍ കിടക്കേണ്ടി വന്നതും ബിജെപി വോട്ടാക്കി മാറ്റാന്‍ ശ്രമിച്ചു. ഇതിനായി സമരത്തിന് ഉടനീളം വാര്‍ത്താ താരമായി നിന്ന കെ. സുരന്ദ്രേനെ എന്‍ഡിഎ ഇവിടെ സ്ഥാനാര്‍ഥിയാക്കി ഇറക്കി. സുരേന്ദ്രന്‍ വിജയിക്കുമെന്ന് പ്രവര്‍ത്തകര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. അത്രത്തോളം പ്രവര്‍ത്തനം മണ്ഡലത്തില്‍ നടന്നിട്ടുമുണ്ട്. എന്നാല്‍ ബിജെപി പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ആന്റോ ആന്റണി വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത്.

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ മാറണമെന്ന രീതിയിൽ ഇടതുപക്ഷം നടത്തിയ പ്രചാരണം കോൺഗ്രസിന് അനുകൂലമായെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ശബരിമലയിൽ സംസ്ഥാന സർക്കാരും സി.പി.എമ്മും സ്വീകരിച്ച തെറ്റായ നിലപാടുകൾക്ക് ഇപ്പോൾ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചരിത്രത്തിൽ ബി.ജെ.പിക്ക് പത്തനംതിട്ട മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തവണത്തേക്കാൾ ഒന്നര ഇരട്ടി വോട്ട് അധികം ലഭിച്ചു. കഴിഞ്ഞ തവണ 1,38000 വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചതെങ്കിൽ ഇന്നത് മൂന്ന് ലക്ഷം വോട്ടായി വർദ്ധിച്ചിരിക്കുന്നു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Lok sabha election 2019 results pc george alleges conspiracy in loss of k surendran from pathanamthitta

Best of Express