കൊച്ചി: അധിക വോട്ട് കണ്ടെത്തിയ എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കളമശ്ശേരി കിഴക്കേ കടുങ്ങല്ലൂർ 83-ാം നമ്പർ ബൂത്തിലെ റീപോളിങ് പുരോഗമിക്കുന്നു. ആദ്യ അഞ്ചു മണിക്കൂർ പിന്നിട്ടപ്പോൾ 451പേർ വോട്ടു ചെയ്തു. 49.9% പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണു വോട്ടെടുപ്പ്.
ബൂത്തില്‍ പോള്‍ ചെയ്തതിതിനേക്കാള്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ്ങിന് ഉത്തരവിട്ടത്. 925 വോട്ടര്‍മാരുള്ള ബൂത്തില്‍ കഴിഞ്ഞ തവണ 715 പേരാണ് വോട്ട് ചെയ്തത്.
Read More: കളളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് ടിക്കാറാം മീണ; കേസെടുക്കാന്‍ നിര്‍ദേശം
മോക്ക് പോളിംഗില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പോളിംഗ് തുടങ്ങും മുമ്പ് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിട്ടു പോയതോടെയാണ് ഇവിഎമ്മില്‍ അധിക വോട്ട് കണ്ടെത്തിയത്. വോട്ടിങ് മെഷീനില്‍ 43 വോട്ടുകളാണ് അധികം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റീപോളിംഗിലേക്ക് നയിച്ച സാഹചര്യത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല. ആലുവ തഹസില്‍ദാറാണ് പ്രിസൈഡിംഗ് ഓഫീസര്‍.
അതേസമയം തിരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ പിലാത്തറ 19ാം നമ്പര്‍ ബൂത്തില്‍ കളളവോട്ട് നടന്നെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചു. സുമയ്യ, സലീന, പദ്മിനി എന്നിവര്‍ രണ്ട് തവണ വോട്ട് ചെയ്തു. ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന സിപിഎം വാദവും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തളളി. കളളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാനും വരണാധികാരിയോട് അദ്ദേഹം നിര്‍ദേശിച്ചു. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കലക്ടര്‍ അന്വേഷണം നടത്തണം.