ചെന്നൈ: മധുരയില്‍ സിപിഎം സ്ഥാനാർഥിക്ക് വോട്ട് തേടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധുരയടക്കം നാലിടങ്ങളിലെ റാലികളില്‍ രാഹുല്‍ വെള്ളിയാഴ്ച പങ്കെടുത്തു. പ്രചാരണത്തിനായി ആദ്യമായാണ് രാഹുല്‍ തമിഴ്നാട്ടില്‍ എത്തിയത്.

തമിഴ്നാട്ടില്‍ കോയമ്പത്തൂരിലും മധുരയിലും മാത്രമാണ് സിപിഎം സ്ഥാനാർഥികള്‍ മത്സരിക്കുന്നത്. മധുരയിലെ സിപിഎം സ്ഥാനാർഥി എസ്.വെങ്കിടേശനു വേണ്ടിയാണ് രാഹുല്‍ വോട്ട് അഭ്യർഥിച്ചത്.

കൃഷ്ണഗിരി, സേലം, വിരുദനഗര്‍, മധുര എന്നിവിടങ്ങളിലെ റാലികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ നിന്നുള്ളവരല്ല, തമിഴ്നാട്ടിലുള്ളവരാണ് ഇവിടം ഭരിക്കേണ്ടതെന്ന് രാഹുല്‍ പറഞ്ഞു. 2021ല്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം എം.കെ.സ്റ്റാലിന്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read More: ‘കേരളത്തിന്റെ ഭരണാധികാരിയും ചോര്‍ ഹേ’; മസാല ബോണ്ട് വിഷയത്തില്‍ രമേശ് ചെന്നിത്തല

വയനാട് മണ്ഡലത്തില്‍ രാഹുല്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്നു എന്ന പ്രചാരണം വ്യാപകമാകുമ്പോഴാണ് സിപിഎം സ്ഥാനാർഥിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് രാഹുല്‍ മധുരയില്‍ എത്തിയത്. താന്‍ ഇടതുപക്ഷത്തിനെതിരെ ഒരക്ഷരം പോലും പറയില്ലെന്ന് വയനാട്ടിലെത്തിയ രാഹുല്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുപക്ഷത്തിനെതിരായ ആക്രമണം രൂക്ഷമാക്കി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം ഏറ്റുപിടിച്ച്, സംസ്ഥാനത്തിന്റെ കാവല്‍ക്കാരനും കള്ളനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.