തിരുവനന്തപുരം: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടുമെന്ന് താന്‍ സൂചന നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. രാഹുല്‍ മത്സരിക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടേ ഉള്ളൂ. മത്സരിക്കുമോ ഇല്ലയോ എന്ന സൂചന നല്‍കാന്‍ രാഹുലിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു തുടങ്ങാം. തിരഞ്ഞെടുപ്പിന് 25 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കേരളത്തിലെ തങ്ങളുടെ ഉറച്ച സീറ്റെന്ന് കോണ്‍ഗ്രസ് കരുതുന്ന വയനാട്ടില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിട്ടില്ല.

Read More: വടകരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതും കോണ്‍ഗ്രസിനെ വലയ്ക്കുന്നു

ടി.സിദ്ദീഖ് വയനാട്ടില്‍ ജനവിധി തേടും എന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് കോണ്‍ഗ്രസിന്റെ കേരള നേതൃത്വം വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തില്‍ രാഹുലോ മറ്റ് ദേശീയ കോണ്‍ഗ്രസ് നേതാക്കളോ വ്യക്തമായൊരു മറുപടി പറഞ്ഞിട്ടില്ല.

വയനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടി.സിദ്ദിഖ് പ്രചാരണം അവസാനിപ്പിക്കുകയും രാഹുല്‍ ഗാന്ധിക്കായി പ്രവര്‍ത്തകര്‍ കൊണ്ടു പിടിച്ച പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ കേരളത്തിലെ ഇരുപത് സീറ്റുകളിലും യുഡിഎഫ് കരുത്ത് തെളിയിക്കും എന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.

നിലവില്‍ ഉത്തര്‍പ്രദേശിലെ അമേഠിയാണ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലം. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെ ഒരുലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാഹുല്‍ വിജയിച്ചത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.