ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം ചേരാൻ കോൺഗ്രസ് വിസമ്മതിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. വിശാഖപട്ടണം വിമാനത്താവളത്തിൽവച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read: കോണ്‍ഗ്രസ് വാതില്‍ കൊട്ടിയടച്ചു, ഇനി ഒറ്റയ്ക്ക് മത്സരിക്കും: അരവിന്ദ് കേജ്രിവാള്
”രാഹുൽ ഗാന്ധിയുമായി ഒരേയൊരു തവണയാണ് കൂടിക്കാഴ്ച നടത്തിയത്. സഖ്യം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്,” കേജ്രിവാൾ പറഞ്ഞു. സഖ്യവുമായി ബന്ധപ്പെട്ട് എഎപി തന്നെ സമീപിച്ചിട്ടില്ലെന്ന ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ വാക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ കേജ്രിവാളിന്റെ മറുപടി ഇതായിരുന്നു, ”ഞാൻ രാഹുലിനെയാണ് കണ്ടത്. ഷീല അദ്ദേഹത്തെക്കാൾ ജൂനിയറാണ്.”
ഡൽഹിയിലും പഞ്ചാബിയും എഎപിയുമായി കോൺഗ്രസ് കൈകോർക്കണമെന്ന് കേജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ കോൺഗ്രസിൽ ഇതേച്ചൊല്ലി രണ്ടു അഭിപ്രായമാണ് ഉയർന്നത്. ഒരുപക്ഷം സഖ്യത്തെ എതിർത്തപ്പോൾ മറുവിഭാഗം പിന്തുണച്ചു. ഡൽഹിയിൽ എഎപിയുമായി കൈകോർക്കുന്നത് ബിജെപിയുടെ വിജയസാധ്യത കുറയ്ക്കുമെന്നാണ് സഖ്യത്തെ പിന്തുണച്ചവർ അഭിപ്രായപ്പെട്ടത്. സഖ്യവുമായി ബന്ധപ്പെട്ട് രണ്ടു അഭിപ്രായങ്ങൾ ഉയർന്നതോടെ തീരുമാനം രാഹുൽ ഗാന്ധിക്ക് വിടുകയായിരുന്നു.