scorecardresearch
Latest News

വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി

വയനാട്ടിൽ നിന്ന് മാത്രമല്ല അയൽ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും നിരവധി പ്രവർത്തകരാണ് രാഹുലിനെ കാണാൻ എത്തിയത്

വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി

കേരളത്തിലെ രാഹുൽ ഗാന്ധിയ്ക്കുള്ള പിന്തുണയും കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ശക്തി തെളിയിക്കുന്നതായിരുന്നു ഇന്നത്തെ നാമനിർദേശ പത്രിക സമർപ്പിക്കൽ. തുറന്ന വാഹനത്തിൽ ജനസാഗരത്തിന്റെ ഇടയിലൂടെ സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം എത്തിയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശ പാത്രിക സമർപ്പിച്ചത്.

രാവിലെ ആറ് മണി മുതൽ കൽപ്പറ്റയിലെ വഴിയോരങ്ങളിൽ ആയിരകണക്കിന് യുഡിഎഫ് പ്രവർത്തകരാണ് കാത്തിരുന്നത്. പ്ലക്കാർഡുകളും കൊടികളുമായി കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തകർ വഴിയോരം കീഴടക്കി. വയനാട്ടിൽ നിന്ന് മാത്രമല്ല അയൽ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും നിരവധി പ്രവർത്തകരാണ് രാഹുലിനെ കാണാൻ എത്തിയത്.

Wayanad, Rahul Gandhi
ഫൊട്ടോ: വിഷ്ണു വർമ്മ, ഇന്ത്യൻ എക്സ്പ്രസ്

കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ത്രിവേണി സംഗമവേദിയാണ് വയനാട്. അതുകൊണ്ട് തന്നെ വയനാട്ടിൽ മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയെ തൃപ്തിപ്പെടുത്തുക മാത്രമല്ല പരമാവധി സീറ്റുകൾ ഉറപ്പിക്കുക കൂടിയാണ് രാഹുലിന്റെ ലക്ഷ്യം.

രാവിലെ 11 മണിയോടെയാണ് രാഹുലിനെയും പ്രിയങ്കയെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്‌റ്റർ എസ്കെഎംജെ സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് വന്നിറങ്ങിയത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുഗുൾ വാസ്നിക്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരടങ്ങുന്ന നേതാക്കന്മാരുടെ വലിയ നിരയാണ് ഇരുവരെയും കാത്ത് സ്കൂൾ ഗ്രൗണ്ടിലുണ്ടായിരുന്നത്.

താൽക്കാലികമായി ഒരുക്കിയ ഹെലിപ്പാടിൽ പൊടിപടലങ്ങൾക്കിടയിൽ വന്നിറങ്ങിയ രാഹുലും പ്രിയങ്കയും നേരെ കയറിയത് മുതിർന്ന നേതാക്കൾക്ക് ഒപ്പം തുറന്ന് വാഹനത്തിലേക്ക്. റോഡിന് ഇരുവശവും നിന്ന പ്രവർത്തകരെ അഭിവാദ്യമർപ്പിച്ച് കളക്ട്രേറ്റിലേക്ക് നീങ്ങി. അടുത്തിടെയുണ്ടായ മാവോയിസ്റ്റ് സാനിധ്യത്തിന്റെ പശ്ചാതലത്തിൽ സംസ്ഥാന പൊലീസും എസ്‌പിജിയും കനത്ത സുരക്ഷയാണ് ഒരുക്കിയത്.

കണ്ണേ കരളേ രാഹുലെ…രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യങ്ങൾ… അങ്ങനെ മുഴങ്ങി കേട്ടു രാഹുലിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ. രാഹുൽ വിജയിക്കുമെന്ന കാര്യത്തിലും ആർക്കും ഒരു സംശയവുമില്ല.

” രാഹുൽ ഗാന്ധി വയനാട്ടിൽ വരണമെന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. രാഹുൽ ജയിക്കുമെന്ന കാര്യവും നൂറ് ശതമാനം ഉറപ്പാണ്. എത്ര ഭൂരിപക്ഷത്തിന് ജയിക്കുമെന്നതാണ് ഞാൻ കാത്തിരിക്കുന്നത്.” മാനന്തവാടിയിൽ നിന്നെത്തിയ സ്ത്രീ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

രാഹുലിനെ ഒരു നോക്ക് കാണാൻ കൽപ്പറ്റയിലെ നടുവയലിൽ നിന്നെത്തിയ ജോഷി പറഞ്ഞത് രാഹുൽ ഒരു വികാരമാണെന്നാണ്. അമേഠിയിലും വയനാട്ടിലും രാഹുൽ നിന്ന് ജയിച്ചാൽ വയനാട് സീറ്റ് രാജിവെച്ച് പോകുമെന്നാണ് പറയുന്നത്. അങ്ങനെ പോയലും പ്രശ്നമില്ലെന്നും. അദ്ദേഹം ഇവിടെ മത്സരിക്കുന്നത് തന്നെയാണ് വികാരമെന്നും ജോഷി പറഞ്ഞു.

ജില്ല കളക്ടർ അജയകുമാർ എ ആറിന് മുന്നിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ച രാഹുൽ തിരികെ വീണ്ടും തുറന്ന വാഹനത്തിലേക്ക്. ഒപ്പം പ്രിയങ്ക ഗാന്ധിയും മുതിർന്ന നേതാക്കളും. കൽപ്പറ്റ ടൗൺ ചുറ്റി റോഡ് ഷോ. റോഡിന് ഇരുവശങ്ങൾക്കും സമീപത്തെ കെട്ടിടങ്ങളിലുമായി ആയിരക്കണക്കിന് ആളുകളാണ് രാഹുലിനെ കാണാൻ എത്തിയത്.

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. തങ്ങളെ അവഗണിക്കുകയാണെന്ന വികാരം ദക്ഷിണേന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.തന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനെതിരെ അല്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിപിഎമ്മിനെതിരെ ഒന്നും പറയാനില്ലെന്നും രാഹുൽ.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Lok sabha election 2019 rahul gandhi enthralls voters in wayanad