കൽപറ്റ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍. മാനന്തവാടി, നിലമ്പൂര്‍ അരീക്കോട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന് വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിക്കും. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക ചര്‍ച്ച നടത്തും
രാവിലെ 10 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രിയങ്ക അവിടെനിന്നും മാനന്തവാടിയിലേക്ക് പോകും. 10.30 ന് മാനന്തവാടിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കും. 11.45 ന് പുല്പളളിയിലെ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കും. 1.20 ന് ജവാന് വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. 2.30 ന് നിലമ്പൂരിലും 3.40 ന് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
Read: എന്റെ ഏട്ടനാണ്, സുഹൃത്താണ്, അയാളെ കൈവിടരുത്: വയനാട്ടുകാരോട് പ്രിയങ്ക ഗാന്ധി
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനായാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. ഏപ്രില്‍ മൂന്നിന് വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു.
പത്രിക സമര്‍പ്പിച്ച ശേഷം ഇരുവരും വയനാട്ടില്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയും, സഹോദരനെ വിജയിപ്പിക്കണമെന്ന് ട്വിറ്ററിലൂടെ പ്രിയങ്ക അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ 17ന് രാഹുൽ ഗാന്ധിയും വയനാട്ടിൽ എത്തിയിരുന്നു. വിവിധയിടങ്ങളിൽ നടന്ന പൊതു യോഗങ്ങളിൽ പങ്കെടുത്ത രാഹുൽ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയ ശ്രീധന്യയുടെ വീട്ടിലും സന്ദർശനം നടത്തി.
Read: ആയിരം ശ്രീധന്യമാരെ സൃഷ്ടിക്കും: സിവിൽ സർവീസ് നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
തിരുനെല്ലി ക്ഷേത്രത്തിലെത്തിയ രാഹുൽ ഗാന്ധി പാപനാശിനിയിൽ പിതൃതർപ്പണം നടത്തി. കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ.കരുണാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയിൽ നിമഞ്ജനം ചെയ്തത്.