Lok Sabha Election 2019: ഈ തിരഞ്ഞെടുപ്പ് കാലത്തെ ആദ്യ പൊതുയോഗ പ്രസംഗത്തിന് പിന്നാലെ ട്വിറ്റെറില്‍ വരവറിയിച്ച് പ്രിയങ്കാ ഗാന്ധി. ഇന്നലെ ഗുജറാത്തിലെ ഗാന്ധി നഗറില്‍ അണികളെ അഭിസംഭോധന ചെയ്തു സംസാരിച്ച ശേഷമാണ് പ്രിയങ്ക ആദ്യമായി ട്വീറ്റ് ചെയ്തത്.
“സബര്‍മതിയുടെ ലാളിത്യമാര്‍ന്ന അന്തസ്സില്‍, സത്യം നിലകൊള്ളുന്നു,” ട്വിറ്റെറില്‍ പ്രിയങ്കയുടെ ആദ്യ വാക്കുകള്‍ ഇങ്ങനെ.
രാഷ്ട്രീയപ്രവേശനത്തോട് അനുബന്ധിച്ച്, 2019 ഫെബ്രുവരിയില്‍ തന്നെ പ്രിയങ്കാ ഗാന്ധി ട്വിറ്റെറില്‍ എത്തിയെങ്കിലും അവിടെ സംവേദനം നടത്തുന്നത് ഇപ്പോഴാണ്. ആദ്യ ട്വീറ്റ് വന്ന് അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഒരു ചിത്രവും ചേര്‍ത്ത് മറ്റൊരു ട്വീറ്റുമെത്തി. മഹാത്മാ ഗാന്ധിയുടെ വാക്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്.
“ഞാന്‍ ഹിംസയ്ക്കെതിരാണ്, കാരണം അത് ചില നന്മകള് ഉണ്ടാക്കുന്നു എന്ന് തോന്നുമെങ്കിലും അവയെല്ലാം താത്കാലികമാണ്. ഹിംസയുടെ ദുഷിച്ച വശങ്ങളാകട്ടെ ശാശ്വതവുമാണ്,” ഗാന്ധി നൂല് നൂറ്റിരുന്ന ചര്‍ക്കയുടെ ചിത്രത്തിനൊപ്പം പ്രിയങ്ക ചേര്‍ത്ത വാക്കുകള്‍ ഇങ്ങനെ.
“I object to violence because when it appears to do good, the good is only temporary; the evil it does is permanent.”
Mahatma Gandhi pic.twitter.com/bxh4cT3Y5O
— Priyanka Gandhi Vadra (@priyankagandhi) March 12, 2019
ഗാന്ധി നഗറിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംഭോധന ചെയ്യുന്നതിന് മുന്‍പ് അഹമ്മദാബാദിലെ സബര്‍മതി ആശ്രം സന്ദര്‍ശിച്ചിരുന്നു പ്രിയങ്ക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു പി എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗ്, കെ സി വേണുഗോപാല്‍ എം പി എന്നിവരും ഒപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവസാനവട്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ അഹമ്മദാബാദില്‍ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേര്‍ന്നു. അതിനു ശേഷം നടന്ന റാലിയില്‍ സംസാരിച്ച പ്രിയങ്ക, മോദിയെ രൂക്ഷമായി വിമര്‍ശിച്ചു.
”രാജ്യത്തിന്റെ അടിത്തറ സ്നേഹത്തിലും ഒത്തൊരുമയിലും സാഹോദര്യത്തിലും പടുത്തുയർത്തിയതാണ്. എന്നാൽ ഇന്ന് രാജ്യത്ത് സംഭവിക്കുന്നതെല്ലാം അങ്ങേയറ്റം ഖേദകരമാണ്,” പ്രിയങ്ക പറഞ്ഞു.
Read More: സ്ത്രീ സുരക്ഷയ്ക്കും 15 ലക്ഷം രൂപയ്ക്കും എന്ത് സംഭവിച്ചു? മോദിയോട് പ്രിയങ്ക

ഗാന്ധി നഗറിലെ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കുന്ന പ്രിയങ്കാ ഗാന്ധി, എക്സ്പ്രസ്സ് ഫൊട്ടോ. ജാവേദ് രാജ
അധികാരത്തിൽ വരുമ്പോൾ മോദി സർക്കാർ ഉറപ്പുനൽകിയിരുന്ന സ്ത്രീ സുരക്ഷയ്ക്ക് എന്താണ് സംഭവിച്ചതെന്നും എല്ലാവർക്കും 15 ലക്ഷം രൂപ വീതം നൽകുമെന്ന പ്രഖ്യാപനം എന്തുകൊണ്ടാണ് നടപ്പാക്കാതിരുന്നതെന്നും പ്രിയങ്ക ചോദിച്ചു.
“ഈ തിരഞ്ഞെടുപ്പിന്റെ അർത്ഥം എന്താണെന്നും അതിൽ നിങ്ങളുടെ പങ്ക് എന്താണെന്നും ചിന്തിക്കണം. നമ്മൾ തന്നെയാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത്. നമ്മളെങ്ങനെ പുരോഗമിക്കുമെന്നാണ് ഇവിടെ പ്രധാനപ്പെട്ട കാര്യം,” ഈ തിരഞ്ഞെടുപ്പ് കാലത്തെ തന്റെ ആദ്യ റാലിയില്‍ പങ്കെടുത്തു സംസാരിച്ച പ്രിയങ്ക പറഞ്ഞു.
Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook
.