തിരുവനന്തപുരം: മുസ്ലീം ലീഗ് – എസ്.ഡി.പി.ഐ. കൂടിക്കാഴ്ചയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് നേതാക്കളും എസ്.ഡി.പി.ഐ. നേതാക്കളും തമ്മില്‍ കഴിഞ്ഞ ദിവസം നടന്നത് രഹസ്യ ധാരണയാണെന്നും മുന്‍പും ഇത്തരം കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം രഹസ്യ ധാരണകളുണ്ടാകാറുണ്ട്. നാല് വോട്ടിന് വേണ്ടി വര്‍ഗീയ നിലപാടിനെ പ്രോത്സാഹിപ്പിക്കുകയാണ് ലീഗ് ചെയ്യുന്നത്. യുഡിഎഫ് ഭരണകാലത്ത് എസ്.ഡി.പി.ഐ.യുടെ കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മുസ്ലീം ലീഗിന് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയമാണെന്നും അതുകൊണ്ടാണ് എസ്.ഡി.പി.ഐ.യുമായി ധാരണയുണ്ടാക്കുന്നതെന്നും നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശിച്ചിരുന്നു. യുഡിഎഫ് ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുസ്ലീം ലീഗ് – എസ്.ഡി.പി.ഐ. നേതാക്കളുടെ കൂടിക്കാഴ്ചയെ കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒന്നും പ്രതികരിച്ചില്ല.

Read More: എസ്ഡിപിഎ നേതാക്കളെ അവിചാരിതമായി കണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി

എസ്.ഡി.പി.ഐ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും രാഷ്ട്രീയ ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞിരുന്നു. രാഷ്ട്രീയ ചര്‍ച്ച നടന്നെന്ന് എസ്.ഡി.പി.ഐ. പറയുന്നുണ്ടെങ്കില്‍ അത് അവരോട് തന്നെ ചോദിക്കണമെന്നും പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Read More: കുഞ്ഞാലിക്കുട്ടിയും ഇടിയും എസ്ഡിപിഐ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

ലീഗിന് പരാജയഭീതിയില്ലെന്നും ലീഗ് സ്ഥാനാര്‍ത്ഥികള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഗസ്റ്റ് ഹൗസിലാണോ രഹസ്യ ചര്‍ച്ച നടക്കുക എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ