മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എന്‍സിപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. യുവതലമുറയ്ക്ക് വഴിയൊരുക്കുന്നതിനായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് പവാര്‍ പറഞ്ഞു.

മാധാ മണ്ഡലത്തില്‍ നിന്ന് താന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലേറെ അംഗങ്ങള്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു എന്ന് ശരദ് പവാര്‍ മുതിര്‍ന്ന
നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. യുവാക്കള്‍ക്കായി ഒഴിഞ്ഞുകൊടുക്കുകയാണെന്നും അതിന്റെ ഭാഗമായി മാവല്‍ മണ്ഡലത്തില്‍ നിന്ന് ചെറുമകന്‍ പാര്‍ത്ഥ് പവാര്‍ ജനവിധി തേടുമെന്നും പവാര്‍ പൂനെയില്‍ പറഞ്ഞു. ശരദ് പവാറിന്റെ മരുമകനും മുതിര്‍ന്ന നേതാവുമായ അജിത് പവാറിന്റെ മകനാണ് പാര്‍ത്ഥ് പവാര്‍.

ഭയം കൊണ്ടല്ല താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് പവാര്‍ പറഞ്ഞു. 14 തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള വ്യക്തിയാണ് താന്‍. ഒരിക്കല്‍ പോലും പരാജയപ്പെട്ടിട്ടില്ല. 15-ാം തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും ഭയമില്ല. എന്നാല്‍, ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലേറെ പേര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തനിക്ക് താല്‍പര്യമില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.