കൊച്ചി: സിപിഎം സ്ഥാനാര്‍ത്ഥി പി. രാജീവിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള പണം നല്‍കാമെന്ന് അറിയിച്ച് പ്രശസ്ത എഴുത്തുകാരന്‍ ടി. പത്മനാഭന്‍. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് രാജീവ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള പണം നല്‍കാമെന്ന് ടി. പത്മനാഭന്‍ തന്നെ ഫോണിലൂടെ വിളിച്ചറിയിച്ചു എന്ന് രാജീവ് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ടി. പത്മനാഭന്റെ സ്‌നേഹത്തിന് മുമ്പില്‍ പ്രണാമര്‍പ്പിക്കുന്നു എന്നും പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ടി. പത്മനാഭനൊപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ് പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

“തല കുനിക്കുന്നു , ഈ സ്നേഹസാഗരത്തിനു മുമ്പിൽ
കഴിഞ്ഞ ദിവസം പപ്പേട്ടന്റെ വിളി വന്നു, മലയാളത്തിന്റെ മഹാ കഥാകാരൻ ടി. പത്മനാഭൻ – കെട്ടിവെയ്ക്കാനുള്ള പണം എന്റേതെന്ന സ്നേഹ പ്രഖ്യാപനം. എത്രയോ കാലമായി ,കഥയുടെ കുലപതി നമ്മളെ കഥകളിലൂടെ വിസ്മയിപ്പിക്കുന്നു ‘
പപ്പേട്ടാ അതിരുകളില്ലാത്ത സ്നേഹത്തിനു മുമ്പിൽ പ്രണാമം”

എറണാകുളം മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എല്‍ഡിഎഫാണ്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ രാജീവിനെ കളത്തിലിറക്കി എറണാകുളം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും ജില്ലയില്‍ ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എറണാകുളത്ത് നടന്ന പ്രചാരണ പരിപാടിയില്‍ രാജീവിന് വേണ്ടി വോട്ട് ചോദിക്കാന്‍ മേജര്‍ രവി വന്നത് വലിയ വാര്‍ത്തയായിരുന്നു.

Read More: പി രാജീവിന് വോട്ട് ചോദിച്ച് മേജര്‍ രവി; രാജീവ് തനിക്ക് അനിയനെന്നും സംവിധായകന്‍

നിലവില്‍ കോണ്‍ഗ്രസിന്റെ മണ്ഡലമായ എറണാകുളത്ത് സിപിഎം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. സിറ്റിംഗ് എംപി കെ.വി. തോമസിന് പകരം ഹൈബി ഈഡന്‍ എംഎല്‍എയായിരിക്കും കോണ്‍ഗ്രസിനായി മത്സരരംഗത്തുണ്ടാകുക എന്ന സൂചനകളുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ