ന്യൂഡല്‍ഹി: ഉമ്മൻ ചാണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന നേതാക്കള്‍. ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനിരിക്കെ ഡല്‍ഹിയില്‍ നാടകീയ സംഭവങ്ങള്‍. ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് വരുത്തിയതായാണ് സൂചന. നിലവില്‍ ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് ഉമ്മൻ ചാണ്ടി. മധ്യ കേരളത്തില്‍ എവിടെയെങ്കിലും ഉമ്മൻ ചാണ്ടി സ്ഥാനാര്‍ത്ഥിയാവണമെന്നാണ് കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഹൈക്കമാന്‍ഡിന് മുന്നില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് നേതാക്കള്‍.
Read More: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കല്ലുകടിയായി ഗ്രൂപ്പ് പോര്
ഇടുക്കിയില്‍ നിന്ന് ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് കേരളത്തിലെ നേതാക്കളുടെ ആവശ്യം. ഉമ്മൻ ചാണ്ടിയാണ് മത്സര രംഗത്തെങ്കില്‍ ‘ഐ’ ഗ്രൂപ്പും വഴങ്ങുമെന്നാണ് സൂചന. നിലവില്‍ ഇടുക്കി സീറ്റിനായി ‘എ’ ഗ്രൂപ്പും ‘ഐ’ ഗ്രൂപ്പും രംഗത്തുണ്ട്. ഡീന്‍ കുര്യാക്കോസിനെ മത്സരിപ്പിക്കണമെന്നാണ് ‘എ’ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍, ജോസഫ് വാഴയ്ക്കന് സീറ്റ് നല്‍കണമെന്ന് ‘ഐ’ ഗ്രൂപ്പും ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഉമ്മൻ ചാണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നതെങ്കില്‍ ഗ്രൂപ്പ് പോര് പരിഹരിക്കപ്പെടുമെന്നാണ് നേതൃത്വം കരുതുന്നത്.
അതേസമയം, മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് ഉമ്മൻ ചാണ്ടി. പലതവണയായി മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ അദ്ദേഹം മത്സരിക്കുമെന്നാണ് കേരളത്തിലെ നേതാക്കളും കരുതുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഉമ്മൻ ചാണ്ടി നേരത്തെ പറഞ്ഞിട്ടുമുണ്ട്. ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഉമ്മൻ ചാണ്ടി മത്സരിക്കേണ്ടി വരും. ഇടുക്കിക്ക് പുറമേ പത്തനംതിട്ടയിലാണ് ഉമ്മൻ ചാണ്ടിയെ പരിഗണിച്ചിരുന്നത്. എന്നാല്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയാകുക.
ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് വൈകീട്ട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകും. ഡല്‍ഹിയില്‍ വച്ചായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുക.