തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ നാമനിർദേശ പത്രിക സമർപ്പിച്ചത് 303 സ്ഥാനാർഥികൾ. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്. 23 വീതം പത്രികകളാണ് ലഭിച്ചത്. ഏറ്റവും കുറവ് ലഭിച്ച ഇടുക്കി മണ്ഡ‍ലത്തില്‍ ഒന്‍പത് പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഏപ്രിൽ 23നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്.

Read: ‘മൂന്ന് രാഹുല്‍ ഗാന്ധിമാര്‍!’; അപരന്‍മാര്‍ വയനാട്ടില്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്. കേസുകള്‍ പരാമര്‍ശിക്കാതെ പത്രിക സമര്‍പ്പിച്ച പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനും ഇന്നലെ രണ്ടാമതും പത്രിക സമര്‍പ്പിച്ചു. കേസുകളുടെ എണ്ണം തെറ്റായി കാണിച്ചത് കാരണം ആദ്യം നല്‍കിയ പത്രിക തളളാനുളള സാധ്യത കണക്കിലെടുത്താണ് വീണ്ടും പത്രിക സമര്‍പ്പിച്ചത്.