ന്യൂഡല്‍ഹി: എറണാകുളം സിറ്റിംഗ് എംപി കെ.വി. തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് കെ.വി. തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് കെ.വി. തോമസ് തന്നെ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഹൈബി ഈഡന്‍ എംഎല്‍എയുടെ പേരാണ് എറണാകുളത്ത് പരിഗണിക്കുന്നത്. അങ്ങനെയാണെങ്കില്‍ കെ.വി. തോമസ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്ന് സൂചനകളുണ്ട്.

Read More: പിജെ ജോസഫിന് തിരിച്ചടി: ഇടുക്കിയും വടകരയും മുറുകെപ്പിടിച്ച് കോൺഗ്രസ്; സ്ഥാനാർത്ഥികളെ നാളെ അറിയാം

അതേസമയം, സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കുമെന്നും പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും കെ.വി. തോമസ് ഡല്‍ഹിയില്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ചര്‍ച്ചകള്‍ നടക്കുകയാണ്. അച്ചടക്കമുള്ള ഒരു പാര്‍ട്ടി വക്താവാണ് താന്‍. അതിനാല്‍ പാര്‍ട്ടി എന്ത് പറയുന്നോ അത് അനുസരിക്കുമെന്നും കെ.വി. തോമസ് വ്യക്തമാക്കി. എറണാകുളത്ത് പി. രാജീവാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തില്‍ ഏതെങ്കിലും യുവനേതാവിനെ മത്സരരംഗത്തിറക്കണമെന്നാണ് കോണ്‍ഗ്രസിലെ നിലപാട്.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം ഡല്‍ഹിയിലുണ്ട്. ഇന്ന് ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം നാളെ ഉച്ചയോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ടാകില്ല.

മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നീണ്ടുപോയത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.