തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കാതിരുന്നതാണ് തങ്ങളുടെ വിജയമെന്ന് മുന്‍ മന്ത്രിയും തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സി.ദിവാകരന്‍. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നുവെങ്കിലും അത് സാധിച്ചില്ലെന്നും, രണ്ടാമതോ മൂന്നാമതോ പോകുന്നതിലല്ല, ജയിച്ചില്ല എന്നതില്‍ തന്നെയാണ് കാര്യമെന്നും സി. ദിവാകരന്‍ പറഞ്ഞു.

കേരളത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്നും ജനങ്ങളുടെ പള്‍സ് പഠിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും സി.ദിവാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘പരാജയം ഒരു സംഘടിത നീക്കത്തിന്റെ ലക്ഷണമാണ്. ഇതിന്റെ കാരണം സിപിഎം പരിശോധിക്കണം. ശബരിമല മാത്രമല്ല പരാജയ കാരണ,’മെന്നും സി.ദിവാകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തൊന്നും ഇങ്ങനെയൊരു പരാജയ സൂചന ലഭിച്ചിരുന്നില്ലെന്നും തിരുവനന്തപുരം ലോക് സഭ സീറ്റില്‍ പരാജയപ്പെടുമെന്നൊന്നും സൂചന ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചെന്നും ഇതാണ് തരൂരിന്റെ ഭൂരിപക്ഷം കൂടാൻ കാരണമായതെന്നും സി.ദിവാകരൻ പറഞ്ഞു.

ഇത്തവണത്തെ ലോക് സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിരുന്നു തുരവനന്തപുരം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ എന്നിവരാണ് തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടിയത്.

Read More: ‘വാക്ക് പാലിക്കുന്നു, മൊട്ടയടിച്ചു’; കുമ്മനത്തിന്റെ തോല്‍വിയില്‍ വാക്ക് പാലിച്ച് അലി അക്ബര്‍

ഉറച്ച വിജയ പ്രതീക്ഷ ഉണ്ടായിരുന്ന തിരുവനന്തപുരത്ത് അപ്രതീക്ഷിത തോല്‍വി ഏറ്റ് വാങ്ങിയതിന്റെ ആഘാതത്തിലാണ് ബിജെപി ക്യാമ്പ്. മൂന്നാം ഊഴത്തിനിറങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ തറപറ്റിക്കാനുറപ്പിച്ചാണ് കുമ്മനത്തെ ബിജെപി കളത്തിലിറക്കിയത്.

Read More: Lok Sabha Election Results 2019 Kerala: സെഞ്ചുറി അടിച്ചു, പക്ഷെ ടീം തോറ്റു: ശശി തരൂര്‍

എന്നാല്‍ വിജയം ഉറപ്പിച്ച് ഇറങ്ങിയ ത്രികോണമത്സരത്തില്‍ വലിയ തിരിച്ചടിയാണ് കുമ്മനം നേരിട്ടത്. കഴക്കൂട്ടവും വട്ടിയൂര്‍കാവും അടക്കം ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് ആയില്ല. കഴക്കൂട്ടം വട്ടിയൂര്‍കാവ് തിരുവനന്തപുരം നേമം എന്നിവിടങ്ങളിലായിരുന്നു ഒ രാജഗോപാലിന് ലീഡെങ്കില്‍ കുമ്മനത്തിന് ലീഡ് നല്‍കിയത് നേമം മാത്രമാണ്.

ഒരു ലക്ഷത്തിന് മുകളില്‍ വോട്ടിന്റെ ലീഡിനാണ് തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിച്ചത്. എന്നാല്‍ സെഞ്ചുറി അടിച്ചിട്ടും ടീം തോറ്റു എന്നാണ് ഈ വിജയത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അക്ഷരാര്‍ത്ഥത്തില്‍ മോദി തരംഗം അലയടിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ 343 സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കി. ബിജെപിക്ക് മാത്രം 300 സീറ്റാണ് നേടാന്‍ സാധിച്ചത്. കോൺഗ്രസിന് തീർത്തും ദയനീയ പരാജയമാണ് നേരിട്ടത്. ഇത്തവണയും പ്രതിപക്ഷ പാർട്ടിയാകാനുള്ള യോഗ്യത നേടാൻ കോൺഗ്രസിനായില്ല.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.