തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി പി.ജെ.ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചു. തനിക്ക് ലോക്‌സഭാ സീറ്റ് നല്‍കാത്ത കേരളാ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളോട് സംസാരിച്ചു.

ഭിന്നത പരിഹരിക്കാന്‍ തലസ്ഥാനത്ത് നിര്‍ണായക ചര്‍ച്ചകളാണ് നടക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും യുഡിഎഫ് ഇടപെടണമെന്നുമാണ് ജോസഫ് പറയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ജെ.ജോസഫ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. യുഡിഎഫ് വിടില്ലെന്ന് ജോസഫ് ഉമ്മൻ ചാണ്ടിയെ അറിയിച്ചു. ഇടുക്കി, കോട്ടയം സീറ്റുകള്‍ വച്ചുമാറണമെന്ന് ജോസഫ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പിനുള്ള സാധ്യതകളാണ് കാണുന്നത്.

Read More: കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എം.ജോര്‍ജ് രാജിവച്ചു

അതേസമയം, പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. സമവായ ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ പി.ജെ.ജോസഫ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കണ്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജോസഫിന്റെ തീരുമാനം.

എന്നാല്‍, കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ കോട്ടയത്ത് പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കെ.എം.മാണിയുടെ പക്ഷം. സ്ഥാനാര്‍ത്ഥിയോട് പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടി നേരത്തെ നിര്‍ദേശിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ