കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുമ്പോഴും നിലപാടിലുറച്ച് ജോസ് കെ.മാണി. കോട്ടയത്തു പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസ് കെ.മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയില്‍ എല്ലാ തലങ്ങളിലും ആലോചിച്ച്, ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പി.ജെ.ജോസഫിന്റെ സീറ്റ് ആവശ്യവും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒടുവില്‍, പാര്‍ട്ടി അണികളുടെ താഴെതട്ടിലുള്ള വികാരത്തെ കൂടി മാനിച്ചാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. തീര്‍ത്തും ജനാധിപത്യ രീതിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണോ തെറ്റ് എന്നും ജോസ് കെ.മാണി ചോദിച്ചു.

Read More: പി.ജെ.ജോസഫ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

അതേസമയം, വിവാദങ്ങള്‍ക്കിടയിലും തോമസ് ചാഴികാടന്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്. പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ചാണ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്. ചാഴികാടന്റെ ചിത്രം പതിച്ച പോസ്റ്ററുകളും കട്ടൗട്ടറുകളും കോട്ടയത്ത് ഉയര്‍ന്നിട്ടുണ്ട്.

സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പി.ജെ.ജോസഫ് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. കന്റോണ്‍മെന്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി പിളര്‍ന്നാലും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് പി.ജെ.ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ