തിരുവനന്തപുരം: തന്റെ എതിരാളി ആരാണെന്ന് നോക്കാറില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. വടകരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർഥിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം. വടകരയില്‍ ജയരാജന്‍ ആണല്ലോ എതിരാളിയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുരളീധരന്റെ പ്രതികരണം.

‘വടകരയിൽ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കാൻ പോകുന്നത്. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പോരാട്ടം ഞാനും തുടരും. എതിരാളി ആരെന്ന് നോക്കി കോണ്‍ഗ്രസുകാർ മത്സര രംഗത്തിറങ്ങാറില്ലെന്നും ആശയപരമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read: വടകരയിൽ കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയാറെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു

‘സ്ഥാനാർഥി നിർണയം വൈകിയെന്ന വിമർശനത്തിന് അടിസ്ഥാനമില്ല. എല്ലാ തലങ്ങളിലും ആലോചിച്ച് ചർച്ച ചെയ്താണ് ഹൈക്കമാൻഡ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. എന്നോട് മത്സരിക്കണമെന്ന് കേരളത്തിലെ ഉന്നത നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് നേതാക്കൾക്ക് മറുപടി നൽകിയിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഹൈക്കമാൻഡ് നടത്തും,” കെ.മുരളീധരൻ വ്യക്തമാക്കി. പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും താൻ ഏറ്റെടുക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വടകരയിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിസന്ധി ഉടലെടുത്തപ്പോൾ കോൺഗ്രസ് നേതൃത്വം മുരളീധരനോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. വയനാട് സീറ്റിലേക്കായിരുന്നു മുരളീധരന്റെ പേര് തിരഞ്ഞെടുപ്പ് സമിതിയിൽ ചർച്ചയായത്. വടകരയിൽ മുല്ലപ്പളളി രാമചന്ദ്രൻ മത്സരിക്കണമെന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും മത്സരിക്കുന്നില്ലെന്ന നിലപാടിലാണ് അദ്ദേഹം ഉറച്ചുനിന്നത്. ഇതോടെയാണ് മുരളീധരനുമേൽ സമ്മർദമുണ്ടായത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.