ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഡൽഹി സ്ഥാനാർഥികളിൽ ഏറ്റവും സമ്പന്നൻ ഗൗതം ഗംഭീർ. 147 കോടിയുടെ ആസ്തിയാണ് ഗംഭീറിനുളളത്. നാമനിർദേശ പത്രികയ്ക്ക് ഒപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുളളത്. ഗംഭീറിന്റെ പേരിൽ ഒരു ക്രിമിനൽ കേസുമുണ്ട്. ഈസ്റ്റ് ഡൽഹിയിൽനിന്നുളള ബിജെപി സ്ഥാനാർഥിയാണ് ഗംഭീർ.
2017-18 ലെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചതിൽ 12.40 കോടിയുടെ വരുമാനമാണ് ഗംഭീർ കാണിച്ചിട്ടുളളത്. ഭാര്യ നടാശ ഗംഭീറിന് 6.15 ലക്ഷം രൂപയുടെ വരുമാനമാണ് ഈ കാലയളവിൽ ഉളളത്.
കഴിഞ്ഞ മാസമാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു ബിജെപിയിലേക്ക് മുന്‍ ഇന്ത്യന്‍ താരം ചേക്കേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.
Read: ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി
കോൺഗ്രസ് സ്ഥാനാർഥി മഹാബൽ മിശ്രയാണ് സമ്പന്നരിൽ രണ്ടാമൻ. വെസ്റ്റ് ഡൽഹിയിൽനിന്നും മത്സരിക്കുന്ന അദ്ദേഹത്തിന്റെ മൊത്തം ആസ്തി 45 കോടിയാണ്. 2014 ൽനിന്നും 12 കോടിയുടെ വർധനവാണ് ഉണ്ടായിട്ടുളളത്. സൗത്ത് ഡൽഹിയിൽനിന്നുളള ബിജെപി എംപി രമേശ് ബിധൂരിക്ക് 18 കോടിയുടെ ആസ്തിയാണുളളത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ 3.5 കോടിയുടെ വർധനവാണ് ഉണ്ടായത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് സ്ഥാനാർതിയുമായ ഷീല ദീക്ഷിതിന് 4.92 കോടിയുടെ ആസ്തിയുണ്ട്.