ന്യുഡല്‍ഹി: പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങി. എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. ചണ്ഡീഗഡ്, ബിഹാര്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അവസാന ഘട്ട വോട്ടെടുപ്പ് ദിവസത്തെ താരം. വാരാണസിയിൽ നിന്നാണ് മോദി മത്സരിക്കുന്നത്. ഹിമാചൽ പ്രദേശ്, ബിഹാർ തുടങ്ങിയവയമാണ് ഇന്ന് ബൂത്തിലെത്തുന്ന പ്രധാന സംസ്ഥാനങ്ങള്‍. അമൃത്സറും പട്ന സാഹിബും താരമണ്ഡലങ്ങള്‍.

പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ പതിമൂന്നു വീതം മണ്ഡലങ്ങളിലും ബിഹാറിലും മധ്യപ്രദേശിലും എട്ടു മണ്ഡലങ്ങളിലുമാണ് ഞായറാഴ്ച വോട്ടെടുപ്പ്. ഹിമാചല്‍ പ്രദേശിൽ നാലും ഝാര്‍ഖണ്ഡില്‍ മൂന്നും ചണ്ഡീഗഡിലെ ഒരു മണ്ഡലവും ഞായറാഴ്ച പോളിംഗ് ബൂത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ , ശത്രുഘ്നന്‍ സിന്‍ഹ, രവിശങ്കര്‍ പ്രസാദ്, സണ്ണി ഡിയോള്‍, എന്നിവരാണ് അവസാന ഘട്ടത്തില്‍ വിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.

7 മുതൽ 6 വരെ രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്. വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. സംഘർഷ സാധ്യത പരിഗണിച്ച് ഉത്തർ പ്രദേശിലും ജാർഖണ്ഡിലും ചില ബൂത്തുകളിൽ വോട്ടെടുപ്പ് 4 മണി വരെയേ ഉള്ളൂ. മറ്റിടങ്ങളിൽ 6 മണി വരെ വോട്ട് ചെയ്യാം.