തിരുവനന്തപുരം: കഴിഞ്ഞ തവണ വിജയിക്കണമെന്ന് പാര്‍ട്ടി ആഗ്രഹിച്ചിട്ടും കൈവിട്ടുപോയ നാല് സീറ്റുകളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സിപിഎം. കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങളിലാണ് സിപിഎം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വടകരയില്‍ ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിടത്തും എല്‍ഡിഎഫിനാണ് ഭരണം. ഒരിടത്ത് മാത്രമാണ് യുഡിഎഫ്. ഈ സാഹചര്യം പാര്‍ലമെന്റ് സീറ്റ് സ്വന്തമാക്കാന്‍ അനുകൂലമാണെന്നാണ് വിലയിരുത്തല്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതും ഇക്കാരണത്താലാണ്. എം.പി.വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ ഇത്തവണ എല്‍ഡിഎഫിനൊപ്പമാണെന്നതും കാര്യങ്ങള്‍ സിപിഎമ്മിന് അനുകൂലമാക്കുന്നു.
Read More: ‘ഉമ്മന്‍ ചാണ്ടി വേണം’; ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തി നേതാക്കള്‍
കോഴിക്കോട് സീറ്റില്‍ നിലവിലെ എംപി എം.കെ.രാഘവനില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. കോഴിക്കോടിനെ നന്നായി അറിയുന്ന എംഎല്‍എ കൂടിയായ എ.പ്രദീപ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഈ ലക്ഷ്യത്തോടെ. കോഴിക്കോട് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിടത്തും മേല്‍ക്കൈ എല്‍ഡിഎഫിനാണ്. പ്രദീപ് കുമാറിന്റെ ജനകീയ പരിവേഷമാണ് സിപിഎം പ്രധാന പ്രചാരണ ആയുധമായി എടുത്തിരിക്കുന്നത്. എം.കെ.രാഘവന് തന്നെയായിരിക്കും ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ ആധിപത്യമാണ് എല്‍ഡിഎഫിന് നിലവില്‍ ഉള്ളത്. എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍.കെ.പ്രേമചന്ദ്രന് വെല്ലുവിളിയുയര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. ഈ കുറവ് പരിഹരിക്കാനാണ് ഇത്തവണ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന കെ.എന്‍.ബാലഗോപാലിനെ രംഗത്തിറക്കിയിരിക്കുന്നത്.
ആലപ്പുഴയില്‍ അരൂര്‍ എംഎല്‍എ കൂടിയായ എ.എം.ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലും സിപിഎമ്മിന് വ്യക്തമായ ലക്ഷ്യമുണ്ട്. സിറ്റി എംപിയായ കെ.സി.വേണുഗോപാല്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് കരുതിയാണ് എ.എം.ആരിഫിനെ തന്നെ രംഗത്തിറക്കാന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍, വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കാന്‍ ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ആലപ്പുഴയില്‍ സിപിഎം കൂടുതല്‍ സാധ്യതകള്‍ കാണുന്നുണ്ട്. ആലപ്പുഴയില്‍ ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ട്. ആറിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫുമാണ് 2016 ല്‍ വിജയിച്ചത്.