ഭോപ്പാല്‍: കോണ്‍ഗ്രസുക്കാര്‍ തന്റെ മരണം സ്വപ്‌നം കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഈ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ തനിക്കൊപ്പമുണ്ടെന്ന് അവര്‍ മറക്കരുതെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

‘എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നിങ്ങളുടെ മോദിയെ ഇത്രമാത്രം വെറുക്കുന്നത്. അവര്‍ മോദിയുടെ മരണം സ്വപ്‌നം കാണുന്നു. എന്നാല്‍ ഈ രാജ്യം മുഴുവന്‍ എനിക്കൊപ്പമുണ്ട്. ഇന്ത്യയ്ക്ക് വേണ്ടിയാണോ പാക്കിസ്ഥാന്റെ സംരക്ഷകരായാണോ കളിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം,’ മോദി പറഞ്ഞു.

‘കോണ്‍ഗ്രസ് ഒന്നോര്‍ക്കണം ഇന്ത്യയിലെ ജനങ്ങള്‍ എനിക്ക് വേണ്ടിയാണ് സ്‌നാനം ചെയ്യുന്നത്. എല്ലാ തലത്തിലും കോണ്‍ഗ്രസ് എന്നത് സത്യസന്ധതയില്ലാത്തൊരു പാര്‍ട്ടിയാണ്. രാജഭരണവും അഴിമതിയും പ്രചരിപ്പിക്കുന്നതില്‍ മാത്രമാണ് അവര്‍ സത്യസന്ധത കാണിക്കാറുള്ളത്. രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ദൗത്യത്തിലാണ് ബിജെപി. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ന്യൂ ജനറേഷന്‍ നാടുവാഴികള്‍ക്ക് വേണ്ടിയാണ്,’ മോദി പറഞ്ഞു.

Read More: വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന പരാതി: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

കോണ്‍ഗ്രസിലെ ആര്‍ക്കും തന്നെ പ്രധാനമന്ത്രിയാകാനുള്ള പ്രാപ്തിയോ, പ്രതിപക്ഷ നേതാവാകാനുള്ള പ്രാപ്തി പോലുമോ ഇല്ലെന്ന് മോദി പരിഹസിച്ചു. ഒരേ കുടുംബത്തിന്റെ 55 വര്‍ഷത്തെ ഭരണമാണോ അതോ ചായ്‌വാലയുടെ 55 മാസത്തെ ഭരണമാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും മോദി പറഞ്ഞു.

വികസന പദ്ധതികള്‍ പിന്നോട്ട് വലിക്കുന്ന സംസ്‌ക്കാരമാണ് കോണ്‍ഗ്രസിന്റേതെന്ന് മോദി കുറ്റപ്പെടുത്തി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ ഏറ്റവും അധികം ബുദ്ധിമുട്ടിയത് കുടിവെള്ളത്തിനായിരുന്നു. കാരണം കുടിവെള്ള പദ്ധതികളൊന്നും തന്നെ കോണ്‍ഗ്രസ് വേഗത്തില്‍ നടപ്പാക്കിയിരുന്നില്ലെന്നും മോദി ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ ശ്രീലങ്കയിലെ സ്‌ഫോടനത്തെ കുറിച്ച് പറഞ്ഞുകൊണ്ട് 2005ല്‍ അയോധ്യയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചും മോദി പരാമര്‍ശം നടത്തുകയുണ്ടായി.

‘അയല്‍രാജ്യങ്ങളിലെ ഭീകരവാദ ഫാക്ടറികള്‍ ഇന്ത്യയില്‍ അശക്തരായ ഒരു സര്‍ക്കാരിനായി കാത്തിരിക്കുകയാണ്,’ ഭീകരവാദം അവസാനിപ്പിക്കാന്‍ ബിജെപിയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതിയിൽ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ക്ലീന്‍ചിറ്റ് നൽകിയിരുന്നു. മോദി വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തുകയായിരുന്നു.

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നടന്ന ബിജെപി റാലിയിലെ മോദിയുടെ പ്രസംഗമണ് ആരോപണത്തിന് ആധാരം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള മോദിയുടെ പ്രസ്താവനയാണ് വിവാദമായത്.

വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്തെ ഭൂരിപക്ഷത്തെ അപമാനിക്കുകയാണ്. ഭൂരിപക്ഷ വിഭാഗം അധികമുള്ളിടത്ത് മത്സരിക്കാന്‍ ഭയക്കുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായിടത്ത് മത്സരിക്കുന്നെന്നായിരുന്നു മോദിയുടെ പ്രസംഗം.

പ്രധാനമന്ത്രിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും ഇതാദ്യമായാണ് പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.