തിരുവനന്തപുരം: വയനാട് സീറ്റ് കോണ്‍ഗ്രസിന് തലവേദനയാകുന്നു. സീറ്റിന് വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ അവകാശവാദമുന്നയിച്ചതോടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

തങ്ങളുടെ സീറ്റാണ് നിലവില്‍ വയനാട് എന്നും അത് വിട്ടുതരില്ലെന്നും ഐ ഗ്രൂപ്പ് നിലപാട് എടുത്തു. ഐ ഗ്രൂപ്പില്‍ നിന്ന് തന്നെ ഒരു സ്ഥാനാര്‍ത്ഥിയെ വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. എന്നാല്‍, സീറ്റ് എ ഗ്രൂപ്പിന് വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എ ഗ്രൂപ്പിന് വേണ്ടി ടി.സിദ്ദിഖിനെ മത്സരിപ്പിക്കണമെന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന ഒരു ആവശ്യം. വയനാട് ലഭിക്കണമെന്നാണ് സിദ്ദിഖിന്റെയും ആവശ്യം. എന്നാല്‍, സീറ്റ് ആര്‍ക്കും കൈമാറില്ലെന്ന് ഐ ഗ്രൂപ്പും നിലപാടെടുത്തു. ഐ ഗ്രൂപ്പിന് വേണ്ടി അബ്ദുള്‍ മജീദിന്റെ പേരാണ് പരിഗണനയില്‍.

Read More: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

ഗ്രൂപ്പ് പോര് ശക്തമായ സാഹചര്യത്തില്‍ കെ.മുരളീധരനെ വയനാട് സ്ഥാനാര്‍ത്ഥിയാക്കി പൊതുധാരണയിലെത്താല്‍ നേതൃത്വം ആലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. നാല് സീറ്റുകളിലേക്കാണ് ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. വടകരയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ടി.സിദ്ദിഖ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടത്. വയനാട് സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായാലേ മറ്റ് സീറ്റുകളിലെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടൂ. ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ