ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും. മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം. കാര്‍ഷിക-ഗ്രാമീണ മേഖലകളില്‍ ഈ പ്രഖ്യാപനം വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. എഐസിസി ആസ്ഥാനത്ത് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കുക. കാര്‍ഷിക കടം എഴുതി തള്ളല്‍, തൊഴിലവസരം സൃഷ്ടിക്കാനായുള്ള പദ്ധതികള്‍, തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പത്രികയില്‍ ഉണ്ടാകും. മിനിമം വരുമാന പദ്ധതിയായ ന്യായ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പത്രികയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപയാണ് ‘ന്യായ്’ എന്ന പദ്ധതിയിലൂടെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപയെത്തിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ യോജനയുടെയും മാറ്റ് കുറക്കുന്നു രാഹുലിന്റെ ന്യായ്. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനപരിധി നിശ്ചയിച്ച് ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

Read: പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ മിനിമം വരുമാനം; വാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

ഘട്ടം ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച് 12,000 രൂപ വരെയാകും ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള മിനിമം വരുമാനപരിധി. 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,0000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

Read: എന്താണ് രാഹുൽ ഗാന്ധിയുടെ മിനിമം വരുമാനം പദ്ധതി?

നോട്ടുനിരോധനത്തിന്റെ കെടുതികള്‍ കണ്ട കര്‍ഷക ഗ്രാമങ്ങളിലും ദരിദ്ര മേഖലകളിലും വലിയ ഓളമുണ്ടാക്കാന്‍ പോന്നതാണ് നീതി എന്നര്‍ഥം വരുന്ന ന്യായ് പദ്ധതി. പദ്ധതി നടപ്പാക്കുക വഴി ഇന്ത്യയിലെ ഇരുപത് ശതമാനം ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

രാജ്യത്തെ അഞ്ച് ലക്ഷം നിർധന കുടുംബങ്ങളിലെ 25 കോടി ആളുകൾക്ക് പദ്ധതിയുടെ ​ഗുണം ലഭിക്കുമെന്ന് പറഞ്ഞ രാഹുല്‍ താന്‍ പറയുന്നത് വെറും വാക്കല്ലെന്നും വളരെ ഗൗരവകരമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഈ പദ്ധതി കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നതെന്നും വ്യക്തമാക്കി.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.