/indian-express-malayalam/media/media_files/uploads/2019/04/mk-raghavan-kozhikode-udf.jpg)
കോഴിക്കോട്: ഒളിക്യാമറ വിവാദത്തിനു പിന്നാലെ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ വീണ്ടും പരാതി. ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ രാഘവന്‍ പ്രസിഡന്റായ സൊസൈറ്റിയുടെ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് പരാതി.
അഗ്രിന്‍ കോ സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പരാതിയില്‍ എല്‍.ഡി.എഫ് ആരോപിക്കുന്നത്. മുപ്പത് കോടി രൂപയ്ക്കടുത്ത് അഗ്രിന്‍ കോയ്ക്ക് കടബാധ്യതയുണ്ട്. എന്നാല്‍ എം.കെ രാഘവന്‍ ഇക്കാര്യങ്ങളൊന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ല. നാമനിര്‍ദ്ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍.ഡി.എഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പി.എ മുഹമ്മദ് റിയാസാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
Read More: ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്റെ മൊഴി രേഖപ്പെടുത്തി
അതേസമയം ഒളിക്യാമറ വിവാദത്തില്‍ അന്വേഷണ സംഘം എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി. ഒരുമണിക്കൂറോളം സമയമെടുത്താണ് മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. എല്ലാകാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞതായും നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കുമെന്നുമായിരുന്നു രാഘവന്റെ പ്രതികരണം.
ടിവി 9 ചാലനാണ് കെ.എം.രാഘവനെതിരായ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് 10നാണ് വീഡിയോയിലുള്ള സംഭാഷണം നടന്നതെന്നാണ് ടിവി 9 ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ രാഘവനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വോട്ട് തേടാന്‍ ഉപയോഗിക്കില്ലെന്ന് ഇടത് സ്ഥാനാര്‍ത്ഥിയായ എ. പ്രദീപ് കുമാര്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.