ന്യൂഡല്‍ഹി: ബിജെപിയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വഴിമുട്ടി നില്‍ക്കുന്നു. ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നീളുന്നത്. ഇതുവരെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപി മത്സരരംഗത്തുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

Read More: ‘മോദിജി’യെ പരിഹസിക്കരുതെന്ന് മാധവന്‍; നടന് രാഷ്ട്രീയ ക്ലാസെടുത്ത് ട്വിറ്റര്‍ ഉപയോക്താക്കള്‍

തൃശൂരില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി തയ്യാറാണോ എന്നതാണ് ബിജെപിയെ വലയ്ക്കുന്ന മറ്റൊരു ചോദ്യം. തുഷാറിന്റെ മൗനത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. തൃശൂരില്‍ തുഷാര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റ് സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

അതേസമയം, പത്തനംതിട്ട സീറ്റിനായി പാര്‍ട്ടിയില്‍ വലിയ പോര് നടക്കുകയാണ്. കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, പി.എസ്.ശ്രീധരന്‍പിള്ള തുടങ്ങിയവരാണ് ആദ്യം മുതലേ പത്തനംതിട്ട സീറ്റിനായി രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയ്ക്കായി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ പാര്‍ട്ടി കേന്ദ്ര നേതൃത്വം ആശയക്കുഴപ്പത്തിലായി. പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ എം.ടി.രമേശിന് വേറെ സീറ്റ് വേണ്ട എന്ന നിലപാടാണ്. സുരേന്ദ്രന് പത്തനംതിട്ട നല്‍കിയാല്‍ പി.എസ്.ശ്രീധരന്‍പിള്ളയും മത്സരരംഗത്തുണ്ടാകില്ല. അതേസമയം, തൃശൂരില്‍ കെ.സുരേന്ദ്രന് അവസരം കൊടുക്കുകയാണെങ്കില്‍ ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കും.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. ആറ്റിങ്ങലില്‍ പി.കെ.കൃഷ്ണദാസ്, കൊല്ലത്ത് സി.വി.ആനന്ദബോസ്, കണ്ണൂരില്‍ സി.കെ.പത്മനാഭന്‍, ആലപ്പുഴയില്‍ ബി.ഗോപാലകൃഷ്ണന്‍, പൊന്നാനിയില്‍ വി.ടി.രമ, കാസര്‍ഗോഡ് പ്രകാശ് ബാബു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ