തിരുവനന്തപുരം: പത്തനംതിട്ട, തൃശൂര്‍ സീറ്റുകളില്‍ ബിജെപി തന്നെ മത്സരിച്ചേക്കും. തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ സീറ്റ് ബിജെപി തിരിച്ചെടുക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ തൃശൂരില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ട സീറ്റ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ളക്ക് നല്‍കിയേക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.

Read More: കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍; സ്വാഗതം ചെയ്ത് ബിജെപി

പത്തതംതിട്ട സീറ്റുമായി ബന്ധപ്പെട്ട് ബിജെപിയില്‍ പ്രതിസന്ധി നിലനിന്നിരുന്നു. കെ.സുരേന്ദ്രനും പി.എസ്.ശ്രീധരൻ പിള്ളയും സീറ്റിനായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെ എം.ടി.രമേശും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദവുമായി രംഗത്തെത്തി. ഇതോടെ പത്തനംതിട്ട സീറ്റില്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആശയക്കുഴപ്പമാണ് കേന്ദ്ര നേതൃത്വത്തിനും. എന്നാല്‍, തുഷാര്‍ തൃശൂരില്‍ മത്സരിക്കാത്ത സാഹചര്യം വന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പത്തനംതിട്ടയോ തൃശൂരോ വേണമെന്നായിരുന്നു സുരേന്ദ്രന്‍ നേരത്തെ അറിയിച്ചത്. തൃശൂര്‍ സീറ്റ് നല്‍കിയാല്‍ പത്തനംതിട്ട സീറ്റിനായുള്ള അവകാശവാദം കെ.സുരേന്ദ്രന്‍ അവസാനിപ്പിക്കും.

അതേസമയം, തുഷാര്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. തുഷാര്‍ മൗനം പാലിക്കുന്നതില്‍ ബിജെപി നേതൃത്വത്തിനും അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.