ലക്‌നൗ: വർഷങ്ങൾക്കുശേഷം ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയും സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും ഒരുമിച്ച് വേദി പങ്കിട്ടു. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നടന്ന മഹാസഖ്യത്തിന്റെ റാലിയിൽ മുലായം സിങ് യാദവിന് വോട്ട് അഭ്യർഥിക്കാനാണ് മായാവതി എത്തിയത്. മെയിന്‍പുരിയില്‍ സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി, സമാജ്‍വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് മുലായം സിങ് യാദവ് ആണ്.

24 വർഷങ്ങൾക്കുശേഷമാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിടുന്നത്. 1995 ലാണ് ഇരുവരും അവസാനമായി ഒരുമിച്ച് വേദി പങ്കിട്ടത്. ലക്‌നൗ ഗസ്റ്റ് ഹൗസിലുണ്ടായ സംഭവത്തിനുശേഷം മുലായത്തിന്റെ മുഖത്ത് നോക്കില്ലെന്ന് മായാവതി പ്രതിജ്ഞ എടുത്തിരുന്നു. മുലായം സിങ് യാദവ് സർക്കാരിനുളള പിന്തുണ പിൻവലിച്ചശേഷം മായാവതിയെ കൊലപ്പെടുത്താനായി എസ്‌പി പ്രവർത്തകർ ഗസ്റ്റ് ഹൗസിന് പുറത്ത് കാത്തുനിന്നിരുന്നു. ഇതുകാരണം മണിക്കൂറുകളോളം മായാവതിക്ക് ഗസ്റ്റ് ഹൗസിൽ കഴിയേണ്ടി വന്നു. 1995 ൽ ജൂൺ രണ്ടിനായിരുന്നു ഈ സംഭവം.

Read: യോഗിക്കും മായാവതിക്കും തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് സുപ്രീംകോടതി ശരിവച്ചു

മുലായം സിങ് യഥാർഥ പിന്നോക്കക്കാരനാണെന്നും നരേന്ദ്ര മോദി വ്യാജ പിന്നോക്ക നേതാവാണെന്നും റാലിയിൽ സംസാരിക്കവേ മായാവതി പറഞ്ഞു. മെയിൻപുരിയിൽ മുലായം ചരിത്ര വിജയം നേടുമെന്നും മികച്ച ഭൂരിപക്ഷത്തിൽ മുലായം സിങ് വിജയിക്കുമെന്നും അവർ പറഞ്ഞു. മുലായം സിങ് യാദവിന് വോട്ട് ചെയ്യണമെന്നും മായാവതി അഭ്യർത്ഥിച്ചു. മുലായവുമായി മുമ്പുണ്ടായിരുന്ന പ്രശ്നങ്ങൾ മറന്ന് ദേശീയ താൽപര്യം മുൻനിർത്തിയാണ് തങ്ങൾ ഒന്നിച്ചതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമാജ്‌വാദി പാർട്ടിയുമായി ബിഎസ്‌പി കൈകോർത്തതെന്നും മായാവതി പറഞ്ഞു.

അതേസമയം, തനിക്ക് വോട്ട് അഭ്യർഥിക്കാൻ മായാവതി എത്തിയതിൽ സന്തോഷമുണ്ടെന്ന് മുലായം സിങ് പറഞ്ഞു. മായാവതിക്കൊപ്പം ഒരുമിച്ച് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മായാവതിയെപ്പോലെ ശക്തയായ നേതാവിനെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിൽ എസ്‌പി, ബിഎസ്‌പി, ആര്‍എല്‍ഡി ഉൾപ്പെടുന്ന മഹാസഖ്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുന്നത്. അമേഠിയും റായ്ബറേലിയിലും ഒഴികെ ഉത്തർപ്രദേശിൽ ആകെയുളള 80 സീറ്റുകളിൽ 78 ഇടത്തും മഹാസഖ്യം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ് ബറേലിയിൽ സോണിയ ഗാന്ധിയും മത്സരിക്കുന്നതിനാലാണ് മഹാസഖ്യം ഈ രണ്ടിടങ്ങളിലും സ്ഥാനാർഥികളെ നിർത്താതിരുന്നത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.