ഹൈദരാബാദ്: തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ രഹസ്യമായി മദ്യ കുപ്പികൾ വിതരണം ചെയ്യാറുണ്ട്. പക്ഷേ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പരസ്യമായി മദ്യ കുപ്പികൾ വിതരണം ചെയ്യുകയാണ്. സ്ഥാനാർഥികളുടെ ഫോട്ടോയും അവരുടെ പാർട്ടി ചിഹ്നവുമുളള സ്റ്റിക്കറും ഒട്ടിച്ച മദ്യ കുപ്പികളാണ് വിതരണം ചെയ്യുന്നത്. ഏതു പാർട്ടിയാണ് മദ്യ കുപ്പികൾ വിതരണം ചെയ്തതെന്ന് ഇതിലൂടെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും.

ആന്ധ്രപ്രദേശിൽ തെലുങ്കു ദേശം പാർട്ടിയുടെയും (TDP) വൈഎസ്ആർസിപിയുടെയും സ്റ്റിക്കറുകൾ പതിച്ച മദ്യ കുപ്പികളാണ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് വിതരണം ചെയ്യുന്നത്. സ്ഥാനാർഥികളുടെയും ടിആർഎസ് നേതാക്കളുടെയും ഫോട്ടോയുളള പിങ്ക് സ്റ്റിക്കറുകളാണ് തെലങ്കാനയിൽ വിതരണം ചെയ്യുന്ന ബീയർ, മദ്യ കുപ്പികളിൽ കാണാനാവുക.

രണ്ടു മൂന്നു ആഴ്ചകൾക്കു മുൻപേ മദ്യ കുപ്പികൾ വാങ്ങി സൂക്ഷിച്ചിരുന്നതായാണ് പാർട്ടി വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ”തിരഞ്ഞെടുപ്പ് യോഗങ്ങളോ റോഡ്ഷോകളോ നടക്കുന്നുണ്ടെങ്കിൽ ബോട്ടിലുകളിൽ സ്റ്റിക്കറുകൾ പതിച്ച് പാർട്ടി പ്രവർത്തകർക്കും യോഗങ്ങൾക്ക് വരാമെന്ന് സമ്മതിക്കുന്നവർക്കും നൽകും. ചിലപ്പോഴോക്കെ ഒരാൾക്ക് തന്നെ രണ്ടോ അതിലധികമോ ബോട്ടിലുകൾ കിട്ടും. അവർ പങ്കെടുക്കുന്ന പാർട്ടി യോഗങ്ങൾക്ക് അനുസരിച്ചായിരിക്കും ഇത്,” ഒരു പാർട്ടിയുടെ മണ്ടാൽ ഇലക്ഷൻ മാനേജർ പറഞ്ഞു.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

തെലങ്കാനയിൽ മാർച്ച് ആദ്യ ആഴ്ചയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നശേഷം 4.30 കോടിയുടെ 3.50 ലക്ഷം ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ആന്ധ്രപ്രദേശിൽ 9 കോടിയുടെ മദ്യമാണ് ഇതുവരെ പിടിച്ചെടുത്തത്. ജനങ്ങൾ ഹാഫ് ബോട്ടിലുകൾ വാങ്ങാൻ വിസമ്മതിച്ചതാണ് മദ്യത്തിന്മേലുളള സ്ഥാനാർഥികളുടെ ചെലവ് ഇരട്ടിച്ചതായി രാഷ്ട്രീയ പാർട്ടികളുടെ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ”ബീയർ ആവശ്യപ്പെടുന്നവർക്ക് 650 മില്ലി ലിറ്ററിന്റെ ബോട്ടിലാണ് വേണ്ടത്. അതിന് ചെലവ് കുറവാണ്. പക്ഷേ വിസ്കി വേണ്ടർ ഫുൾ ബോട്ടിലാണ് ആവശ്യപ്പെടുന്നത്. അതിന് ചെലവ് കൂടുതലാണ്,” അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ