തിരുവനന്തപുരം: ലോക്സഭയിലേക്ക് നാലാം ഊഴം കാത്തിരിക്കുകയാണ് ആറ്റിങ്ങല്‍ എംപി എ.സമ്പത്ത്. നാലാം തവണയാണ് സമ്പത്ത് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. മൂന്ന് തവണ മത്സരിച്ചപ്പോഴും വിജയം സമ്പത്തിനൊപ്പമായിരുന്നു. 1996 ലാണ് സമ്പത്ത് ആദ്യമായി മത്സരിക്കുന്നത്. അന്ന് ചിറയന്‍കീഴ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് സമ്പത്ത് ആദ്യമായി ലോക്സഭയിലെത്തിയത്. പിന്നീട്, ചിറയന്‍കീഴ് മണ്ഡലം ആറ്റിങ്ങല്‍ മണ്ഡലമായി. 2009 ലും 2014 ലും ആറ്റിങ്ങലിനെ പ്രതിനിധീകരിച്ച് സമ്പത്ത് വീണ്ടും ലോക്സഭയിലെത്തുകയായിരുന്നു.
തുടര്‍ച്ചയായി മൂന്നാം തവണയും ആറ്റിങ്ങലില്‍ നിന്ന് ലോക്സഭയിൽ എത്തുക എന്നതാണ് സമ്പത്തിന് സിപിഎം നല്‍കിയിരിക്കുന്ന ദൗത്യം. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റിലെ ഇടപെടലുകളുമാണ് സമ്പത്തിന് വീണ്ടും അവസരം നല്കാന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. 2014 ല്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ 69,378 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സമ്പത്ത് ലോക്സഭയിലെത്തിയത്.
Read: പോരാട്ടം കടുപ്പിക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി പട്ടികയായി
സിപിഎമ്മില്‍ നിന്ന് മൂന്നാം തവണ മത്സരിക്കുന്ന രണ്ട് പേരാണ് പി.കെ.ബിജുവും എം.ബി.രാജേഷും. നിലവില്‍ ആലത്തൂര്‍ എംപിയാണ് പി.കെ.ബിജു. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് എം.ബി.രാജേഷ് പാര്‍ലമെന്റിലെത്തിയത്.
മൂന്നാം തവണ മത്സരിക്കുന്ന പി.കെ.ബിജു 2009 ലും 2014 ലും ലോക്സഭയിലെത്തി. 2014 ല്‍ കോണ്‍ഗ്രസിന്റെ കെ.എ.ഷീബയെ പരാജയപ്പെടുത്തിയ പി.കെ.ബിജുവിന് 4,11,808 വോട്ടുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കെ.എ.ഷീബക്ക് 3,74, 496 വോട്ടുകളാണുണ്ടായിരുന്നത്.
Read: സിപിഎമ്മിനായി രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍
പാലക്കാട് നിന്ന് എം.ബി.രാജേഷ് മൂന്നാം തവണയാണ് ജനവിധി തേടുന്നത്. 2009 ലും 2014 ലും രാജേഷ് ലോക്സഭയിലെത്തി. 2014 ല്‍ എം.പി. വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിയ രാജേഷിന് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.