ന്യൂഡൽഹി: മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൂന്നുദിവസത്തെ വിലക്കേര്‍പ്പെടുത്തി. ബിഹാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് നടപടി. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 72 മണിക്കൂര്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാണ് വിലക്ക്.
ഏപ്രില്‍ 16ന് ബിഹാറിലെ കതിഹറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സിദ്ദു വിവാദ പരാമര്‍ശം നടത്തിയത്. മുസ്‌ലി വോട്ടര്‍മാര്‍ വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ താരിഖ് അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു വിവാദ പരാമര്‍ശം.
Read More: യോഗിക്കും മായാവതിക്കും തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് സുപ്രീംകോടതി ശരിവച്ചു
നേരത്തെ ബിഎസ്പി നേതാവ് മായാവതി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കും വർഗീയ പരാമർശം നടത്തിയതിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
സഹാരന്‍പൂരില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ‘മുസ്‌ലിം സഹോദരീ സഹോദരന്‍മാരേ, നിങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മുസ്‌ലിങ്ങളുടെ വോട്ടുകള്‍ ഭിന്നിക്കരുത്’, എന്ന് പ്രസംഗിച്ചതിനാണ് മായാവതിക്ക് വിലക്കേര്‍പ്പെടുത്തിയത്.
മീററ്റിലെ റാലിയിലാണ് യോഗി ‘അലി’, ‘ബജ്റംഗ്ബലി’ പരാമര്‍ശങ്ങള്‍ നടത്തിയത്. അലിയും (ഇസ്‌ലാമിലെ നാലാം ഖലീഫ) ബജ്റംഗ്ബലിയും (ഹനുമാന്‍) തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭ തിരഞ്ഞെടുപ്പെന്ന രീതിയിലായിരുന്നു യോഗിയുടെ പ്രസംഗം. ഇതു ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് സൃഷ്ടിക്കുന്ന പരാമര്‍ശമാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
ബിജെപി സ്ഥാനാർഥി ഹേമ മാലിനിക്കെതിരായി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ സമാജ്‌വാദി പാർട്ടി അസം ഖാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നേരിട്ടിരുന്നു.